യുഡിഎഫ് പ്രവേശനം തള്ളാതെ മാണി സി കാപ്പന്‍, പാലായില്‍ തന്നെ മത്സരിക്കും

കോട്ടയം: എന്‍സിപി ദേശീയ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ച നടത്തിയ ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നാണ് മാണി സി കാപ്പന്റെ പ്രതികരണം. എല്‍ഡിഎഫില്‍ നിന്ന് ഇനിയും മാണി. സി. കാപ്പന്‍ യുഡിഎഫിലേക്കെന്ന് സൂചനയുണ്ട്. അതേസമയം, യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അദ്ദേഹം തള്ളിയതുമില്ല.
“മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ച നടത്താന്‍ പ്രഫുല്‍ പട്ടേല്‍ സമയം തേടിയിരുന്നു. ഞായറാഴ്ച്ചക്കുള്ളില്‍ സമയം അനുവദിക്കാമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ഇതുവരേയും അതുണ്ടായിട്ടില്ല. അതിന്റെ കാരണം അറിയില്ല. നാല് സീറ്റില്‍ ഞങ്ങള്‍ മത്സരിക്കും എന്ന തീരുമാനം തന്നെയാണ് ഇപ്പോള്‍ ഉള്ളത്. പ്രഫുല്‍ പട്ടേല്‍ ഇവിടെ വന്ന സംസാരിച്ച ശേഷം അതിന്റെ ഫലം അനുസരിച്ച് ഉചിതമായ തീരുമാനം എടുക്കും,” മാണി സി കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, പാല സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി. പി പീതാംബരന്‍ പറഞ്ഞു. പ്രഫുല്‍ പട്ടേലുമായി മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചിരുന്നു. മാണി. സി. കാപ്പന്‍ പാര്‍ട്ടി വിട്ട് പോകില്ല. ഇതേ കുറിച്ച് തനിക്ക് അറിയില്ലെന്നും ടി. പി പീതാംബരന്‍ പറഞ്ഞു.
പാലാസീറ്റിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് കാപ്പന്‍ വ്യക്തമാക്കി. എന്‍.സി.പി. ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ തന്റെ തീരുമാനത്തിന് ഒപ്പം നില്‍ക്കുമെന്നും വിരുദ്ധമായ തീരുമാനം അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാപ്പന്‍ പറഞ്ഞു. മൂന്നുപതിറ്റാണ്ടായി തനിക്ക് ശരദ് പവാറുമായി അടുത്ത ബന്ധമുണ്ട്. താനാണ് കോണ്‍ഗ്രസ് എസിനെ എന്‍.സി.പി.യില്‍ ലയിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയത്. പവാറുമായി വളരെ വലിയ ആത്മബന്ധമുണ്ട്. അതുകൊണ്ടു തന്നെ പാലാ സീറ്റ് വിട്ടു കൊടുത്തുകൊണ്ടുള്ള ഒരു തീരുമാനം പവാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാപ്പന്‍ പറഞ്ഞു.
മാണി. സി. കാപ്പന്‍ നാളെ മുംബൈയ്ക്ക് പുറപ്പെടും. ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തുന്ന മാണി. സി. കാപ്പന്‍ നിലപാട് വ്യക്തമാക്കിയേക്കുമെന്നാണ് വിവരം.