Life StyleNationalNewsUncategorized

വീട്ടുകാരുടെ പിന്തുണ ഇല്ലെങ്കിലും പെൺകുട്ടികൾക്ക് എല്ലാം ചെയ്യാനുള്ള കഴിവുണ്ട്; പുതിയ ലക്ഷ്യം ഹിമാലയം കീഴടക്കുക: സൈക്കിളിൽ 20 ലോകരാജ്യങ്ങൾ ചുറ്റിക്കറങ്ങി ഇന്ത്യൻ യുവതി

ന്യൂ ഡെൽഹി: സൈക്കിളിൽ 20 ലോകരാജ്യങ്ങൾ ചുറ്റിക്കറങ്ങി ഇന്ത്യൻ യുവതി. ആന്ധ്രാപ്രദേശ് സ്വദേശിനിയായ സമീറ ഖാനാണ് വെല്ലുവിളികളെല്ലാം ഉറച്ച മനസോടെ നേരിട്ട് തന്റെ സ്വപ്‌നം സാക്ഷാത്കരിക്കാനായി സൈക്കിളുമായി ഇറങ്ങി തിരിച്ചത്. 30 കാരിയായ സമീറ ഇതുവരെ 20 ഓളം രാജ്യങ്ങൾ സന്ദർശിച്ചു. കശ്മീർ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചൽ പ്രദേശ് എന്നിങ്ങനെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും സമീറ സൈക്കിൾ ട്രക്കിംഗ് നടത്തിയിട്ടുണ്ട്.

ഒട്ടേറെ ബുദ്ധിമുട്ടുകൾക്കിടയിൽ നിന്നാണ് സമീറ തന്റെ സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള പ്രയാണം ആരംഭിച്ചത്. ഒമ്പതാം വയസിൽ അമ്മയെ നഷ്ടപ്പെട്ട സമീറയെ തയ്യൽക്കാരനായ അച്ഛനാണ് വളർത്തിയത്. വീട്ടിലെ പ്രാരാബ്ധങ്ങൾ കാരണം പത്താം ക്ലാസ് കഴിഞ്ഞപ്പോൾ തന്നെ സമീറയ്ക്ക് ജോലിയ്ക്ക് പോകേണ്ടി വന്നു. ജീവിത സാഹചര്യങ്ങളോട് പോരാടി മുന്നേറുന്നതിനിടെയായിരുന്നു മറ്റൊരു ദുരന്തം സമീറയെ തേടിയെത്തിയത്. തന്റെ ഏക ആശ്രയമായിരുന്ന അച്ഛനെ മരണം തട്ടിയെടുത്തു. അച്ഛന്റെ വേർപാട് സമീറയെ മാനസികമായി ഏറെ തളർത്തിയെങ്കിലും തന്റെ സ്വപ്‌നങ്ങൾ നേടിയെടുക്കാനായി അവൾ വീണ്ടും പോരാടി.

ഇന്ന് സമീറയുടെ സൈക്കിൾ യാത്രകൾ ദക്ഷിണേന്ത്യൻ രാജ്യങ്ങളും തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളും കടന്ന് മുന്നേറുകയാണ്. നേപ്പാൾ, ഭൂട്ടാൻ, ടിബറ്റ് എന്നീ രാജ്യങ്ങളിലെല്ലാം സമീറ സഞ്ചരിച്ചു. ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ചാണ് സമീറയുടെ യാത്രകൾ. പെൺകുട്ടികൾക്ക് എന്തും സാധിക്കുമെന്ന് ലോകത്തിന് കാട്ടി കൊടുക്കുകയാണ് ഈ യാത്രകളുടെ ലക്ഷ്യം. വീട്ടുകാരുടെ പിന്തുണ ഇല്ലെങ്കിലും പെൺകുട്ടികൾക്ക് എല്ലാം ചെയ്യാനുള്ള കഴിവുണ്ടെന്ന് സമൂഹത്തിന് കാണിച്ച് കൊടുക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് സമീറ പറയുന്നത്.

ഹിമാലയം കീഴടക്കുക എന്നതാണ് പുതിയ ലക്ഷ്യം. പർവ്വതാരോഹണത്തിനായി പ്രത്യേക കോഴ്‌സ് ഒന്നും ചെയ്തിട്ടില്ല. യാത്രകളാണ് തന്റെ ധൈര്യം വർധിപ്പിച്ചത്. ടിബറ്റ് വഴി ഹിമാലയിത്തിലേക്ക് കയറാനാണ് ലക്ഷ്യമിടുന്നത്. ടിബറ്റിലൂടെയുള്ള മലകയറ്റമാണ് ഏറ്റവും ബുദ്ധിമുട്ടേറിയതും സാങ്കേതികത്വം ആവശ്യമുള്ളതും. തന്റെ കഴിവിനേക്കാൾ ഉപരിയായി എന്തെങ്കിലും ചെയ്തുവെന്ന ബോധ്യം വേണമെന്നും അതിനായാണ് പ്രവർത്തിക്കുന്നതെന്നും സമീറ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button