Latest NewsNationalNewsUncategorized

മഞ്ഞുമല തകർന്നുണ്ടായ വെള്ളപ്പൊക്കം: ഇന്ത്യ ഉത്തരാഖണ്ഡിനൊപ്പമുണ്ട്; സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി, രക്ഷാപ്രവർത്തനത്തിന് സൈന്യം രംഗത്ത്‌

ന്യൂ ഡെൽഹി: ഉത്തരാഖണ്ഡിലെ ജോഷിമഠിൽ മഞ്ഞുമല തകർന്നുണ്ടായ വെള്ളപ്പൊക്കം സംബന്ധിച്ച് സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും. മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിനോട് ഫോണിൽ സംസാരിച്ച പ്രധാനമന്ത്രി, സ്ഥിതി നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യ ഉത്തരാഖണ്ഡിനൊപ്പമുണ്ടെന്നും രാജ്യം മുഴുവൻ പ്രാർഥനയിലാണെന്നും അറിയിച്ചു. അസം, ബംഗാൾ സന്ദർശനത്തിലാണ് പ്രധാനമന്ത്രി. കരസേനയും വ്യോമസേനയും രക്ഷാപ്രവർത്തനത്തിനു രംഗത്തെത്തി. വ്യോമസേനയുടെ എഎൻ32, സി130 വിമാനങ്ങളാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്. ഡെറാഡൂൺ വിമാനത്താവളം കേന്ദ്രീകരിച്ചാവും പ്രവർത്തനം.

‌ദുരന്തം നേരിടുന്നതിന് കേന്ദ്ര സർക്കാരിന്റെ പൂർണപിന്തുണയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയെ അറിയിച്ചു. ഇപ്പോൾ രക്ഷാപ്രവർത്തനം നടത്തുന്ന ദുരന്തനിവാരണ സേനയെ കൂടാതെ അധികമായി നാലു സംഘത്തെക്കൂടി (200 പേർ) ഡൽഹിയിൽനിന്ന് ഉത്തരാഖണ്ഡിലേക്ക് അയച്ചതായി അമിത് ഷാ ട്വിറ്ററിൽ അറിയിച്ചു.

ദുരന്തനിവാരണ സംഘത്തെ സഹായിക്കുന്നതിനായി ഹെലികോപ്റ്ററുകളും സൈനികസംഘവും ഉത്തരാഖണ്ഡ‍ിൽ എത്തിയതായി സൈനികവൃത്തങ്ങൾ അറിയിച്ചു. കരസേനാ ആസ്ഥാനം സ്ഥിതി നിരീക്ഷിച്ചുവരുകയാണെന്നും അവർ വ്യക്തമാക്കി. നന്ദാദേവി മഞ്ഞുമലയുടെ ഒരു ഭാഗം തകർന്നുണ്ടായ ദുരന്തത്തിൽ 100 മുതൽ 150 പേർ വരെ മരിച്ചിരിക്കാമെന്ന് ചീഫ് സെക്രട്ടറി ഒ.എം.പ്രകാശ് അറിയിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ഋഷിഗംഗ ജലവൈദ്യുത പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് കരുതുന്നത്. ഗംഗാ നദിയുടെ തീരപ്രദേശത്ത് കർശന ജാഗ്രത നൽകിയതായി ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. നദിയിലെ ജലനിരപ്പ് 24 മണിക്കൂറും നിരീക്ഷിക്കുമെന്നും അവർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button