കോൺഗ്രസ് പൊട്ടിപ്പൊളിഞ്ഞ സർക്കസ് കമ്പനി; മതേതരത്വവും ജനാധിപത്യവും വർഗ്ഗീയ തീവ്രവാദികൾക്ക് അടിയറ വെച്ചു, അധികാരം മാത്രം അജണ്ടയാക്കിയ ആദർശം കൈവിട്ട ആൾക്കൂട്ടമായി; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രവീൺ ഇറവങ്കര

ആലപ്പുഴ: കോൺഗ്രസ് പൊട്ടിപ്പൊളിഞ്ഞ സർക്കസ് കമ്പനിയെന്ന് കെപിസിസി കലാ സാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതി നേതാവ് പ്രവീൺ ഇറവങ്കര. ആലപ്പുഴയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് പ്രവീൺ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്. കോൺഗ്രസ് മതേതരത്വവും ജനാധിപത്യവും വർഗ്ഗീയ തീവ്രവാദികൾക്ക് അടിയറ വെച്ചു. അധികാരം മാത്രം അജണ്ടയാക്കിയ ആദർശം കൈവിട്ട ആൾക്കൂട്ടമായി കോൺഗ്രസ് അധഃപതിച്ചു എന്നും അദ്ദേഹം പറഞ്ഞു.
തിരക്കഥാകൃത്തും ,22 വർഷക്കാലമായി കെപിസിസി കലാ സാംസ്കാരിക വിഭാഗം സംസ്ഥാനക്കമ്മിറ്റി അംഗവും 8 വർഷമായി സംസ്ഥാന ജനറൽ സെക്രട്ടറിയുമായി പ്രവർത്തിച്ച വ്യക്തിയാണ് പ്രവീൺ ഇറവങ്കര. കോൺഗ്രസ് പ്രസ്ഥാനത്തെ ഉപേക്ഷിച്ച്, കേരളത്തിൽ വർഗ്ഗീയതയെ പ്രതിരോധിക്കാനും പുരോഗമനാശയങ്ങൾ പങ്കുവെയ്ക്കാനും ഇടതുപക്ഷത്തിന്റെ ഭാഗമായി നിന്നുകൊണ്ട് ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം)ൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നു.
കോൺഗ്രസ് പൊട്ടിപ്പൊളിഞ്ഞ സർക്കസ് കമ്പനിയെന്ന് പ്രവീൺ ഇറവങ്കര സോഷ്യൽ മീഡിയയിലൂടെ കോൺഗ്രസിനെതിരെ വിമർശനം നടത്തിയിരുന്നു
പൊട്ടിപ്പൊളിഞ്ഞ സർക്കസ് കമ്പനിക്ക് പെട്ടെന്നൊരു കളികിട്ടിയാൽ കീറിയതെല്ലാം തുന്നിക്കൂട്ടി പഴകിയതെല്ലാം ചായംപൂശി ഒട്ടിയ വയറുളള ഒട്ടകത്തേം പട്ടിണി കിടന്ന പട്ടിയേം എല്ലാം കുളിപ്പിച്ചൊരുക്കി ഒരു വരവുണ്ട്.
തെരഞ്ഞെടുപ്പ് അടുത്തു വരുമ്പൊ കോൺഗ്രസ്സിന്റെ ഗതി അതാണ്. തെരഞ്ഞെടുപ്പ് മാത്രമാണോ ഒരു ജനാധിപത്യ പ്രസ്ഥാനത്തിന്റെ ആത്യന്തിക ലക്ഷ്യം എന്നും അദ്ദേഹം തന്റെ കുറിപ്പിലൂടെ ചോദിക്കുന്നു.
പത്രക്കുറിപ്പിന്റെ പൂർണ്ണരൂപം
കഴിഞ്ഞ നാലു പതിറ്റാണ്ടായി കോൺഗ്രസ്സ് വിശ്വാസിയും നീണ്ട 22 വർഷം KPCC കലാസാംസ്കാരിക വിഭാഗം സംസ്കാരസാഹിതി സംസ്ഥാനക്കമ്മിറ്റി അംഗവും 8 വർഷമായി സംസ്ഥാന ജനറൽ സെക്രട്ടറിയുമായി പ്രവർത്തിച്ച കലാകാരനായ ഞാൻ ഏറെ വേദനയോടെ പ്രസ്ഥാനം ഉപേക്ഷിക്കുകയാണ്. ഒരു മതേതരജനാധിപത്യ സംഘടന എന്ന നിലയിലായിരുന്നു കോൺഗ്രസ്സിനെ ഞാൻ ചെറുപ്പം മുതൽ ഹൃദയത്തിലേറ്റിയത്.
നാലാം ക്ലാസിൽ പഠിക്കുമ്പോൾ തെരഞ്ഞെടുപ്പ് കാലത്ത് കൈപ്പത്തി അടയാളം നെഞ്ചിൻ കുത്തി ക്ലാസിൽ കയറിയതിന് സ്ക്കൂളിൽ നിന്ന് പുറത്താക്കപ്പെടുന്നിടത്താണ് എന്റെ കോൺഗ്രസ്സ് ബന്ധം ആരംഭിക്കുന്നത്.
പിന്നീട് എന്നെപ്പോലെ ആദർശവും ആശയവും സമത്വവും തുല്യനീതിയും സ്വപ്നം കണ്ട ആയിരക്കണക്കിന് ചെറുപ്പക്കാരെ ആവേശത്തോടെ പ്രലോഭിപ്പിക്കാൻ പ്രസ്ഥാനത്തിനു കഴിഞ്ഞു.ഒരു എഴുത്തുകാരൻ എന്ന നിലയിൽ കോൺഗ്രസ് ദർശനങ്ങളും ഗാന്ധിജിയും നെഹ്റുവും എന്റെ വായനയെയും കാഴ്ചപ്പാടുകളെയും ക്രമപ്പെടുത്തി.
എന്നാൽ ഇന്ന് കോൺഗ്രസ്സിന്റെ രാഷ്ട്രീയവും സാംസ്കാരികവുമായ അവസ്ഥ അതല്ല എന്ന് ഏറെ നിരാശയോടെ പറയേണ്ടിയിരിക്കുന്നു.ഒരു മതേതര വിശ്വാസിക്കും(മതവിശ്വാസിക്കും) ജനാധിപത്യ വിശ്വാസിക്കും ഒരുതരത്തിലും സംഘടനയുമായി ചേർന്നുപോകാൻ കഴിയുന്ന അവസ്ഥയല്ല.
ഭാരതത്തിന്റെ മതേതര മനസ്സും ജനാധിപത്യ മൂല്ല്യവും കാത്തു സൂക്ഷിക്കുന്നതിൽ കോൺഗ്രസ് തികച്ചും പരാജയപ്പെട്ടു.കലാകാരന്മാരെ കൈകോർത്തുപിടിച്ച് സമൂഹത്തിൽ ക്രിയാത്മകചലനങ്ങൾ സൃഷ്ടിക്കുവാൻ ഇടതുപക്ഷം മാത്രമാണ് ഇനി ഏക പ്രതീക്ഷ.
ചിന്തിക്കുന്നവർ-എഴുതുന്നവർ-പ്രതികരിക്കുന്നവർ ആ വഴിയിൽ എത്തേണ്ടത് കാലത്തിന്റെ അനിവാര്യതയാണഞന്നു ഞാൻ വിശ്വസിക്കുന്നു..കേരളത്തിൽ വർഗ്ഗീയതയെ പ്രതിരോധിക്കാനും പുരോഗമനാശയങ്ങൾ പങ്കുവെയ്ക്കാനും ഇടതുപക്ഷത്തിന്റെ ഭാഗമായി നിന്നു കൊണ്ട് ഘടകകക്ഷിയായ മണ്ണിന്റെ മണമുളള കർഷപ്രസ്ഥാനം കേരള കോൺഗ്രസ് (എം)ൽ ചേർന്നു പ്രവർത്തിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു.
മണ്ണില്ലാതെ മനുഷ്യനില്ല.
മണ്ണിനും മനുഷ്യനും വേണ്ടി സംസാരിക്കുന്ന അപൂർവ്വ സംഘടനയായി കേരള കോൺഗ്രസ് (എം) നെ ഞാൻ അടയാളപ്പെടുത്തുന്നു.
പ്രവീൺ ഇറവങ്കര