രണ്ട് തവണയായി വിഴുങ്ങിയത് 54 കാന്തഗോളങ്ങൾ: സ്വയം കാന്തമായി മാറാൻ ശ്രമിച്ച് 12 കാരൻ

ലണ്ടൻ: കാന്തഗോളങ്ങൾ വിഴുങ്ങി സ്വയം കാന്തമായി മാറാൻ ശ്രമിച്ച 12 വയസുകാരൻ്റെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 54 കാന്ത ഗോളങ്ങൾ. റൈലി മോറിസൺ എന്ന കുട്ടിയാണ് ഇത്രയധികം കാന്ത ഗോളങ്ങൾ വിഴുങ്ങിയത്.
റൈലി ഇവ വിഴുങ്ങിയത് രണ്ട് തവണയായാണ്. ജനുവരി ഒന്നിന് ആദ്യ ബാച്ചും നാലാം തിയതി രണ്ടാം ബാച്ചും വിഴുങ്ങി. തുടർന്ന് വയറ്റിൽ അസ്വസ്ഥത അനുഭവപ്പെടുകയും കാന്ത ഗോളങ്ങൾ പുറത്തുവരാതിരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ റൈലി അമ്മയോട് കാര്യം പറയുകയായിരുന്നു.
അറിയാതെയാണ് താൻ കാന്ത ഗോളങ്ങൾ വിഴുങ്ങിയതെന്നാണ് അമ്മ പേയ്ജ് വാർഡിനോട് റൈലി പറഞ്ഞത്. പേയ്ജ് മകനെ കൂട്ടി ആശുപത്രിയിൽ പോയി എക്സ് റേ എടുത്തു. എക്സ് റേ കണ്ട് ഡോക്ടർമാർ തന്നെ അമ്പരന്നു. ചെറിയ കാന്ത ഗോളങ്ങൾ റൈലിയുടെ വയറിൽ തങ്ങി നിൽപ്പുണ്ടായിരുന്നു.
കുട്ടിയുടെ അവയവങ്ങളെ കാന്തങ്ങൾ ബാധിക്കുമെന്ന് കരുതി ഡോക്ടർമാർ വളരെ പെട്ടെന്ന് തന്നെ സർജറി നടത്തി. ആറ് മണിക്കൂർ എടുത്താണ് എല്ലാ കാന്തങ്ങളും റൈലിയുടെ വയറിൽ നിന്ന് എടുത്ത് മാറ്റിയത്. തന്റെ മകൻ വിഴുങ്ങിയ കാന്തത്തിന്റെ എണ്ണം കേട്ട് അമ്മയും ഞെട്ടി.
എക്സ് റേയിൽ കണ്ടത് 25-30 കാന്തങ്ങളാണെങ്കിൽ സർജറിയിലൂടെ കണ്ടെത്തിയത് 54 എണ്ണമാണ്. ശാസ്ത്ര തത്പരനായ റൈലി നേരത്തെയും വ്യത്യസ്തമായി വസ്തുക്കൾ ഉപയോഗിച്ച് പരീക്ഷണം നടത്തിയിരുന്നു. റൈലി അവസാനം താൻ പരീക്ഷണം നടത്തിയ കാര്യം സമ്മതിച്ചു. കാന്തം വയറ്റിലുള്ളപ്പോൾ തന്റെ ദേഹത്ത് ചെമ്പ് പറ്റിപ്പിടിക്കുമോ എന്നും റൈലി പരീക്ഷിച്ചിരുന്നു.