ധർമജൻ ബോൾഗാട്ടിയെ ചേലക്കരയിൽ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ

കൊച്ചി: നടൻ ധർമജൻ ബോൾഗാട്ടിയെ തൃശൂർ ചേലക്കരയിൽ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര ചേലക്കരയിലെത്തിയപ്പോഴാണ് ഒരു വിഭാഗം പ്രവർത്തകർ ബാനറുമായി രംഗത്തെത്തിയത്.
പട്ടികജാതി സംവരണമുള്ള ചേലക്കര മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥികളാണ് മത്സരിക്കാറുള്ളതെങ്കിലും ഇത്തവണ മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥിയെ രംഗത്തിറക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. വർഷങ്ങളായി ഇടത് കോട്ടയായി തുടരുന്ന ചേലക്കരയിൽ സെലിബ്രിറ്റിയെ ഇറക്കി മണ്ഡലം പിടിച്ചെടുക്കണം എന്നാണ് ആവശ്യം.
പ്രതിപക്ഷ നേതാവ് വേദിയിൽ നിന്നിറങ്ങിയപ്പോൾ പ്രവർത്തകർ ബാനറുമായി മുന്നിൽ ചെന്നെങ്കിലും രമേശ് ചെന്നിത്തല പ്രതികരിച്ചില്ല. കോൺഗ്രസ് സ്ഥാനാർത്ഥിയായി ധർമജൻ ബോൾഗാട്ടി ബാലുശ്ശേരിയിൽ മത്സരിക്കും എന്ന വാർത്തകൾക്കിടയിലാണ് ചേലക്കരയിൽ ധർമജനെ ഇറക്കണമെന്ന് ആവശ്യം ഉയരുന്നത്.