ആദ്യം ആവശ്യപ്പെട്ടത് ഭക്ഷണം; ഇത് ‘അമ്മ തല്ലിയതാണ്, ഇനി അമ്മയെ കാണണ്ടാ: മലപ്പുറത്ത് ഇതരസംസ്ഥാന തൊഴിലാളികൾ പൂട്ടിയിട്ട കുട്ടികൾ പറഞ്ഞത്

നിലമ്പൂർ: മലപ്പുറം മമ്പാട്ട് ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടക മുറിയിൽ പിതാവും രണ്ടാനമ്മയും ചേർന്ന് പൂട്ടിയിട്ട 2 കുട്ടികളെ നാട്ടുകാരും പൊലീസും ചേർന്ന് രക്ഷപ്പെടുത്തുമ്പോൾ ആദ്യം ഭക്ഷണമെന്ന ഒറ്റവാക്കാണ് കുട്ടികൾ പറഞ്ഞത്. പിന്നീട് ആശുപത്രിയിൽ എത്തിയ ശേഷം അമ്മ തല്ലിയതാണെന്നും, ഇനി അമ്മയെ കാണേണ്ടെന്നും കുട്ടികൾ പറഞ്ഞതായി രക്ഷപ്പെടുത്തിയവർ പറയുന്നു.
അവശനിലയിലായ കുട്ടികളെ ജില്ലാ ആശുപത്രിയിൽ പ്രവശിപ്പിച്ചു. സംഭവത്തിൽ തമിഴ്നാട് കടലൂർ വിരുത്താചലം സ്വദേശിയെ(35)യും ഭാര്യയെ(28)യും പൊലീസ് അറസ്റ്റ് ചെയ്തു. ദമ്പതികൾക്കൊപ്പം 3 മാസമായി മമ്പാട് അങ്ങാടിയിലെ വാടക മുറിയിൽ താമസിക്കുകയായിരുന്നു 5 വയസ്സുള്ള പെൺകുട്ടിയും 3 വയസ്സുള്ള ആൺകുട്ടിയും. കൂലിപ്പണിക്കാരായ ദമ്പതികൾ ജോലിക്കു പോയി തിരിച്ചെത്തുന്നതുവരെ ഭക്ഷണം നൽകാതെ കുട്ടികളെ പൂട്ടിയിടുകയായിരുന്നെന്ന് സമീപത്തു താമസിച്ചിരുന്ന അതിഥിത്തൊഴിലാളികൾ പറഞ്ഞു.
ശരീരത്തിൽ അടിയേറ്റ പാടുകളുണ്ട്. അടിയേറ്റ പാടുകൾ കൂടാതെ കവിൾ നീര് വന്ന് വീർത്ത നിലയിലാണ്. അവശനിലയിലായ കുട്ടികളെ ഇന്നലെ രാവിലെ 11ന് പ്രദേശവാസികൾ വാതിൽ ചവിട്ടിപ്പൊളിച്ചാണ് പുറത്തെത്തിച്ചത്. വിവരമറിഞ്ഞെത്തിയ ദമ്പതികളെ തടഞ്ഞുവച്ച് പൊലീസിൽ ഏൽപിച്ചു. കുട്ടികളുടെ മാതാവിന്റെ സഹോദരികൂടിയാണ് അറസ്റ്റിലായ രണ്ടാനമ്മ.
ഒന്നരവർഷം മുൻപ് കുട്ടികളുടെ മാതാവ് മരിച്ചെന്ന് പിതാവു മൊഴി നൽകി. കുട്ടികളുടെ ശരീരത്തിൽ മുറിവും മർദനമേറ്റ പാടുകളും പെൺകുട്ടിയുടെ മുഖത്ത് നീർക്കെട്ടും ഉണ്ട്. ഇരുവർക്കും പോഷകാഹാരക്കുറവുള്ളതായി ഡോക്ടർ പറഞ്ഞു. കുട്ടികളുടെ സംരക്ഷണം ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു.