14 വർഷം പൂർത്തിയാകാൻ ഒന്നരവർഷം ബാക്കി: തടവുകാരനെ മോചിപ്പിക്കണമെന്ന ആവശ്യം മനുഷ്യാവകാശ കമ്മീഷൻ നിരസിച്ചു

പത്തനംതിട്ട : ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട തടവുകാരനെ മോചിപ്പിക്കാൻ ഉത്തരവ് നൽകണമെന്ന ആവശ്യം സംസ്ഥാന മനുഷ്യാവകാശകമ്മീഷൻ നിരസിച്ചു. 14 വർഷം പൂർത്തിയാകാൻ ഒന്നരവർഷം ബാക്കിയുള്ള തിരുവനന്തപുരം നെട്ടുകാൽത്തേരി തുറന്ന ജയിലിൽ അന്തേവാസിയായ പത്തനംതിട്ട കട്ടച്ചിറ സ്വദേശി ബിജിൻ മാത്യു സമർപ്പിച്ച പരാതി സമർപ്പിച്ചത്. ജയിൽമോചനമോ കാലാവധി തികയുംവരെ പരോളോ അനുവദിക്കണമെന്നായിരുന്നു ആവശ്യം.
ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട തടവുകാരന് ക്രിമിനൽ നടപടിക്രമങ്ങൾ അനുശാസിക്കുന്ന നിരോധനങ്ങൾ മറികടന്ന് ജയിൽമോചനം അനുവദിക്കാനോ ജയിൽ മോചനം വരെ പരോൾ അനുവദിക്കാനോ സർക്കാരിന് നിർദ്ദേശം നൽകാൻ കഴിയില്ലെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.
കമ്മീഷൻ ജയിൽ മേധാവിയിൽ നിന്നും റിപ്പോർട്ട് വാങ്ങി. ജയിൽ ഉപദേശക സമിതി മുമ്പാകെ പരിഗണിക്കപ്പെടുന്നതിന് ശിക്ഷാ കാലാവധി 14 വർഷം പൂർത്തിയാക്കാത്തയാളാണ് പരാതിക്കാരൻ. ഐ.പി.സി. 302 പ്രകാരം ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പരാതിക്കാരന്റെ പേര് യഥാർത്ഥ ശിക്ഷ പൂർത്തിയാക്കുന്ന മുറയ്ക്ക് ജയിൽ ഉപദേശക സമിതിയിൽ ഉൾപ്പെടുത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.
കോട്ടയം അഡീഷണൽ ജില്ലാസെക്ഷൻസ് കോടതി എം ഡി 259/2007 കേസിൽ ഐ പി സി 302 -ാം വകുപ്പ് അനുസരിച്ച് ജീവപര്യന്തം തടവിനും 50,000 രൂപ പിഴയും വിധിച്ചയാളാണ് പരാതിക്കാരൻ. ജയിലിൽ നിന്ന് പ്ലസ്ടു പാസായി. ബി എ വിദ്യാർത്ഥിയാണ്.