വർഗീയനിറം നൽകരുത്, ബിസിനസ് തർക്കമാണ്; ഡെൽഹിയിൽ യുവാവിനെ കുത്തിക്കൊന്നതിന് പിന്നിൽ ബിസിനസ് തർക്കമെന്ന് പൊലീസ്

ന്യൂ ഡെൽഹി: ബർത്ഡേ പാർട്ടിക്കിടെ ഡെൽഹിയിൽ യുവാവിനെ കുത്തിക്കൊന്നതിന് പിന്നിൽ ബിസിനസ് തർക്കമെന്ന് ഡെൽഹി പൊലീസ്. റിങ്കു ശർമയും പ്രതികളും സുഹൃത്തുക്കളായിരുന്നെന്നും, എന്നാൽ ഇവർ ഡെൽഹിയിലെ രോഹിണിയിൽ തുടങ്ങിയ രണ്ട് ഹോട്ടലുകളെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്നാണ് പാർട്ടിക്കിടെ സംഘർഷമുണ്ടായതെന്നും പോലീസ് പറഞ്ഞു. ഇതിനിടെയാണ് റിങ്കു ശർമ കുത്തേറ്റ് മരിച്ചത്. ഷാഹിദ്, ഡാനീഷ്, ഇസ്ലാം, മെഹ്താബ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ബുധനാഴ്ച രാത്രി ഔട്ടർ ഡെൽഹിയിലെ മംഗോളപുരി മേഖലയിലാണ് സംഭവം. കൊല്ലപ്പെട്ട റിങ്കുവും കുടുംബവും ഡെൽഹിയിലെ രോഹിണിയിൽ ഒരു ഹോട്ടൽ ബിസിനസ്സ് തുടങ്ങിയിരുന്നു. ഇതിനടുത്ത് തന്നെയാണ് പ്രതികളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലും ഉണ്ടായിരുന്നത്. ലോക്ക്ഡൗൺ അടക്കമുള്ള സാഹചര്യത്തെത്തുടർന്ന് രണ്ട് ഹോട്ടലുകളും നഷ്ടത്തിലായി. രണ്ട് ഹോട്ടലുകളും നഷ്ടത്തിലായതിനെച്ചൊല്ലി ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായിരുന്നു.
ഈ തർക്കത്തെത്തുടർന്നാണ് പ്രതികൾ റിങ്കുവിൻറെ വീട്ടിലെത്തുന്നത്. പരിപാടിക്കിടെ വാക്കുതർക്കം രൂക്ഷമായതിനിടെ നാല് പേരിൽ ഒരാൾ റിങ്കുവിനെ കത്തി കൊണ്ട് കുത്തി. നാൾ പേരും ഒരമേഖലയിലും ഉള്ളവരും നല്ല പരിചയം ഉള്ളവരും ആണ്.
റിങ്കുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് വർഗീയനിറം നൽകരുതെന്നും, ബിസിനസ് തർക്കമല്ലാതെ മറ്റേതെങ്കിലുമൊരു ഉദ്ദേശം കൊലപാതകത്തിന് പിന്നിലുള്ളതായി ഇതുവരെ ഒരു തെളിവുമില്ലെന്നും ഡെൽഹി പൊലീസ് വ്യക്തമാക്കുന്നു.
അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് സംഭാവന പിരിച്ചതുകൊണ്ടാണ് റിങ്കുവിൻറെ കൊലപാതകം ഉണ്ടായതെന്ന് വിശ്വ ഹിന്ദു പരിഷത്ത് ആരോപിച്ചിരുന്നു. ജയ് ശ്രീരാം വിളിച്ചതാണ് റിങ്കുവിനെ കൊലപ്പെടുത്താൻ കാരണമെന്ന കുടുംബത്തിൻറെ ആരോപണം അന്വേഷിക്കുമെന്നും, നിലവിൽ ബിസിനസിലെ തർക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് അനുമാനമെന്നും ഡെൽഹി പൊലീസ് പിആർഒ ചിൻമയ് ബിസ്വൽ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.