ഉത്തരാഖണ്ഡ് പ്രളയത്തെ തുടർന്ന് ഋഷിഗംഗയ്‌ക്ക് സമീപം തടാകം രൂപപ്പെടുന്നു; രക്ഷാപ്രവർത്തനങ്ങളെ ഇത് ബാധിക്കാൻ സാധ്യത

ചമോലി: ഉത്തരാഖണ്ഡ് പ്രളയത്തെ തുടർന്ന് തപോവൻ മേഖലയിലെ റെയ്‌നി ഗ്രാമത്തിന് മുകളിലായി തടാകം രൂപപ്പെടുന്നതായി റിപ്പോർട്ട്. ഗർവാൽ സർവകലാശാലയിലെ ജിയോളജിസ്റ്റ് ഡോ.നരേഷ് റാണയും മേഖലയിലെ ചില ഗ്രാമീണരുമാണ് തടാകം രൂപപ്പെടുന്നതായി അധികൃതർക്ക് മുന്നറിയിപ്പ് നൽകിയത്. ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ചപ്പോൾ ഇത് സ്ഥിരീകരിക്കുകയും ചെയ്‌തു. പ്രളയത്തിലെ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയാണ് തടാകം രൂപപ്പെട്ടിരിക്കുന്നത് എന്നാണ് നിഗമനം.
2015ലെ ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ചപ്പോൾ മുൻപെങ്ങും അവിടെ തടാകം ഇല്ലായിരുന്നുവെന്നും വ്യക്തമായി. പ്രളയത്തെ തുടർന്ന് നടക്കുന്ന രക്ഷാപ്രവർത്തനങ്ങളെ ഇത് ബാധിക്കാൻ സാധ്യത ഉള്ളതിനാൽ സാഹചര്യം വിലയിരുത്താൻ സംസ്ഥാന ദുരന്ത നിവാരണ സേന സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. തടാകം രൂപപ്പെടുന്നതായി ഉത്തരാഖണ്ഡ് ഡി.ജി.പി അശോക് കുമാറും സ്ഥിരീകരിച്ചു.
പ്രളയാവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയാണ് പുതിയ തടാകം രൂപപ്പെടുന്നത്. തടാകം പൂർണതോതിൽ രൂപപ്പെട്ടാൽ ഋഷിഗംഗ നദിയുടെ ഒഴുക്ക് തടസപ്പെടും. ഭാവിയിൽ വലിയ പ്രളയത്തിനുളള സാധ്യതയാണ് തെളിഞ്ഞുവരുന്നത്. നദിതീരത്തുളള ജനങ്ങളെ മാറ്റിപാർപ്പിക്കേണ്ട സാഹചര്യമാണ് മുന്നിലുളളതെന്നും ഗർവാൽ സർവകലാശാലയിലെ ജിയോളജിസ്റ്റ് ഡോ. നരേഷ് റാണ വ്യക്തമാക്കി. ഋഷിഗംഗയിൽ വെളളം ഉയരുന്നത് ചമോലിയിലെ രക്ഷാപ്രവർത്തനത്തെയും ബാധിക്കുന്നുണ്ട്.
400മീറ്റർ ദൂരത്തിലാണ് തടാകം രൂപപ്പെട്ടിരിക്കുന്നത്. ഋഷി ഗംഗ ജലവൈദ്യുതി പദ്ധതി സ്ഥിതിചെയ്‌തിരുന്ന സ്ഥലത്തുനിന്ന് 12 കിലോമീറ്റർ ഉയരത്തിലാണ് തടാകത്തിന്റെ സ്ഥാനം. തടാകത്തിൽ എത്രത്തോളം വെളളമുണ്ടെന്ന് അറിയില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് പറഞ്ഞു.