കാരുണ്യമില്ലാത്ത കാരുണ്യ: സൗജന്യ ചികിത്സ ആനുകൂല്യങ്ങൾ കിട്ടാതെ അർബുദ രോഗികൾ ദുരിതത്തിൽ

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിലെ സൗജന്യ ചികിത്സ ആനുകൂല്യങ്ങൾ പേരിൽ മാത്രം ഒതുങ്ങുന്ന അവസ്ഥയാണിപ്പോൾ. പ്ലേറ്റ്ലറ്റ് മാറ്റുന്നതിനും സ്കാനിങ്ങുകൾക്കും വില കൂടിയ മരുന്നുകൾ വാങ്ങുന്നതിനും കയ്യിൽനിന്നും പണം നൽകേണ്ട അവസ്ഥയിലാണ് അർബുദ രോഗികൾ. ഇൻഷുറൻസ് കമ്പനിയുമായി ഉണ്ടാക്കിയ ധാരണയിൽ സർക്കാർ മാറ്റം വരുത്താതെ പരിശോധനകൾ സൗജന്യമാക്കാനാകില്ലെന്ന് ആർ സി സി അധികൃതർ അറിയിച്ചു.
പല രോഗികളും നിലവിൽ ചികിത്സ തന്നെ നിർത്തിയാലോ എന്ന അവസ്ഥയിലാണ് എത്തി നിൽക്കുന്നത്. ഇൻഷുറൻസ് വഴി പണം കിട്ടാത്തതിനാൽ കിടപ്പാടം പോലും പണയംവെച്ചു ചികിത്സ നടത്തുന്നവർ ഉണ്ട്. റേഡിയേഷൻ, കീമോ, ശസ്ത്രക്രിയ ഇവക്കൊഴികെ മറ്റൊന്നിനും ആരോഗ്യ ഇൻഷുറൻസ് കാർഡ് വഴി സൗജന്യം കിട്ടുന്നില്ല. കാരുണ്യ എന്നത് ഇപ്പോൾ പേരിൽമാത്രമായി ഒതുങ്ങുന്നു.
പഴയ കാരുണ്യ ബെനവലൻറ് ഫണ്ട് പദ്ധതിയിൽ കിടത്തി ചികിത്സ ഇല്ലാതെ തന്നെ ചികിത്സകളും പരിശോധനകളും സൗജന്യമായിരുന്നു. എന്നാൽ രോഗിയെ കിടത്തി ചികിത്സയ്ക്ക് പ്രവേശിപ്പിച്ചാൽ മാത്രമേ ഇൻഷുറൻസ് കമ്പനിയുമായുള്ള ധാരണ പ്രകാരം സൗജന്യ ചികിത്സയും പരിശോധനകളും പുതിയ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി വഴി നൽകാൻ ആകൂ എന്നാണ് ഔദ്യോഗിക വിശദീകരണം.