നിലപാടുള്ള ഒരു സ്ത്രീയുടെ അവസ്ഥ.. എന്തുകൊണ്ടാണ് അവർക്ക് സ്വയം പ്രതിഷേധിക്കാൻ കഴിയാത്തത്? ഷൂട്ടിംഗ് ലൊക്കേഷനിൽ കോൺഗ്രസ് പ്രതിഷേധം; വിമർശിച്ച് കങ്കണ

ഡെൽഹി: കർഷക സമരത്തിൽ നടി കങ്കണ റണൗട്ട് പുറപ്പെടുവിച്ച വിവാദ പ്രസ്താവനകളിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ഷൂട്ടിംഗ് ലൊക്കേഷനിൽ പ്രകടനം നടത്തി. കങ്കണ മാപ് പറയണം എന്നായിരുന്നു അവരുടെ ആവശ്യം. മധ്യപ്രദേശിൽ ഷൂട്ടിംഗ് നടക്കുന്ന ഏറ്റവും പുതിയ ചിത്രം ധാക്കടിന്റെ സെറ്റിലാണ് നൂറോളം കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.
”കോൺഗ്രസ് പ്രവർത്തകർ മധ്യപ്രദേശിലെ ഷൂട്ടിംഗ് തടസ്സപ്പെടുത്താൻ ശ്രമിച്ചതിനാൽ എനിക്ക് ചുറ്റും പോലീസ് സംരക്ഷണം വർദ്ധിപ്പിച്ചു. കർഷകർക്ക് വേണ്ടി പ്രതിഷേധിക്കുന്നു എന്നാണ് കോൺഗ്രസ് എംഎൽഎമാർ പറയുന്നത്. ഏത് കർഷകരാണ് അവർക്ക് ആ അധികാരം നൽകിയത്. എന്തുകൊണ്ടാണ് അവർക്ക് സ്വയം പ്രതിഷേധിക്കാൻ കഴിയാത്തത്” എന്നാണ് കങ്കണയുടെ ട്വീറ്റ്.
ലൊക്കേഷനിൽ നിന്നുമുള്ള ഒരു വീഡിയോ പങ്കുവച്ച് പൊലീസ് പ്രതിഷേധക്കാരെ പിരിച്ചു വിട്ടതായും മറ്റൊരു ട്വീറ്റിൽ കങ്കണ കുറിച്ചിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയതിനാൽ തനിക്ക് കാർ മാറ്റി കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വന്നു. നിലപാടുള്ള ഒരു സ്ത്രീയുടെ അവസ്ഥ എന്നായിരുന്നു കങ്കണ ട്വീറ്റ്.