വർഷത്തിലെ 320 ദിവസങ്ങളിൽ 60 ദിവസം മാത്രമാണ് പെട്രോൾ വില കൂടിയത്; 20 ദിവസം വില കുറഞ്ഞു: ഇന്ധനവില വർദ്ധിക്കുന്നതിൽ ന്യായീകരണവുമായി മന്ത്രി

ന്യൂഡെൽഹി: രാജ്യത്ത് ഇന്ധനവില സർവ്വകാല റെക്കോർഡിലേക്ക് ഉയരുമ്പോൾ ന്യായീകരണവുമായി മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. വർഷത്തിലെ 320 ദിവസങ്ങളിൽ 60 ദിവസം മാത്രമാണ് പെട്രോൾ വില കൂടിയതെന്ന് മന്ത്രി. 20 ദിവസം വില കുറഞ്ഞു. മറ്റ് ദിവസങ്ങളിൽ വില സ്ഥിരത തുടർന്നതായും മന്ത്രി കൂട്ടിച്ചേർത്തു. ഇറക്കുമതിയല്ലാതെ മറ്റ് മാ4ഗമില്ലാത്തതിനാൽ വിലകൂട്ടുന്നത് അനിവാര്യമാണെന്നും കൊറോണക്കാലത്ത് രാജ്യത്തെ സാമ്പത്തിക മേഖല മുന്നോട്ട് പോകാൻ മറ്റ് വഴികളില്ലെന്നും മന്ത്രി പറയുന്നു.
അതേസമയം തുടർച്ചയായി ആറാം ദിവസവും സംസ്ഥാനത്ത് ഇന്ധന വില വർധിപ്പിച്ചിട്ടുണ്ട്. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസൽ ലിറ്ററിന് 38 പൈസയുമാണ് കൂട്ടിയത്. ഇതോടെ എറണാകുളത്ത് പെട്രോളിന് 88.60 രൂപയും ഡീസലിന് 83.40 രൂപയുമായി. കഴിഞ്ഞ ദിവസം കേരളത്തിൽ പെട്രോൾ വില ആദ്യമായി 90 രൂപ കടന്നിരുന്നു. ആറ് ദിവസം കൊണ്ട് പെട്രോളിന് ഒരു രൂപ 45 പൈസയും ഡീസലിന് ഒരു രൂപ 69 പൈസയുമാണ് വർധിച്ചത്.
കഴിഞ്ഞ എട്ട് മാസത്തിനിടെ 17 രൂപയിലധികമാണ് ഇന്ധനവില വർധിപ്പിച്ചത്. ജൂൺ 25നാണ് പെട്രോൾ വില ലിറ്ററിന് 80 രൂപ കടന്നത്. കൊറോണക്കാലത്ത് എണ്ണ ഉത്പാദനവും വിൽപ്പനയും രാജ്യാന്തരതലത്തിൽ കുറഞ്ഞിരുന്നു. ഇപ്പോൾ വിൽപ്പന പഴയപടിയായി. എന്നാൽ എണ്ണ ഉത്പാദക രാജ്യങ്ങൾ ആവശ്യത്തിന് അനുസരിച്ച് ഉത്പാദനം കൂട്ടുന്നില്ല. ഇതാണ് ഉയർന്ന വില ഈടാക്കുന്നതിന് പ്രധാന കാരണമെന്നുമാണ് മന്ത്രിയുടെ ന്യായീകരണം.