ബിപിസിഎൽ പ്ലാന്റ് അടക്കം അഞ്ച് വികസന പദ്ധതികൾ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു

കൊച്ചി: ബിപിസിഎൽ പ്ലാൻറ് ഉൾപ്പെടെ 6100 കോടിയുടെ വികസനപദ്ധതികൾ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിയിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, മൻസുഖ് മാണ്ഡവ്യ, വി. മുരളീധരൻ എന്നിവർ പങ്കെടുത്തു.
ബിപിസിഎല്ലിൻറെ പ്രൊപിലിൻ ഡെറിവേറ്റീവ് പെട്രോകെമിക്കൽ പ്രോജക്ടിനു പുറമേ കൊച്ചി തുറമുഖത്തെ അന്താരാഷ്ട്ര ക്രൂസ് ടെർമിനലായ സാഗരികയുടെ ഉദ്ഘാടനവും ദക്ഷിണ കൽക്കരി ബർത്തിൻറെ പുനർനിർമാണ ശിലാസ്ഥാപനവും കൊച്ചി കപ്പൽശാലയിലെ മറൈൻ എൻജിനിയറിംഗ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൻറെ ഉദ്ഘാടനവും വെല്ലിംഗ് ടൺ ഐലൻഡിലെ റോ-റോ വെസലുകളുടെ സമർപ്പണവും പ്രധാനമന്ത്രി നിർവഹിച്ചു.
മലയാളത്തിൽ നമസ്കാരം പറഞ്ഞുകൊണ്ടാണ് മോദി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. ടൂറിസം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങി വിവിധ മേഖലകൾക്ക് ഗുണകരമായ പദ്ധതികളാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. വലിയ തൊഴിലവസരം സൃഷ്ടിക്കപ്പെടുന്ന് പദ്ധതികളാണ് ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട പുതിയ പദ്ധതികൾ വിഭാവനം ചെയ്യണമെന്ന് പ്രധാനമന്ത്രി യുവ സംരംഭകരോട് പറഞ്ഞു. ആഗോള ചൂറിസം റാങ്കിംഗിൽ കഴിഞ്ഞ അഞ്ച് വർഷക്കാലത്തിനിടെ അറുപതിൽ നിന്ന് മൂപ്പതാം റാങ്കിലേക്ക് എത്തിയിട്ടുണ്ട്. അതുകൊണ്ട് ടൂറിസം മേഖലയിൽ ഇനിയും നമുക്ക് വളർച്ച കൈവരിക്കാൻ സാധിക്കും’- പ്രധാനമന്ത്രി പറഞ്ഞു.