ഭിക്ഷാടനം കുറ്റകരം: മുംബൈ യാചനരഹിത നഗരമാക്കാനൊരുങ്ങി പോലീസ്

മുംബൈ: മുംബൈ നഗരത്തെ ഭിക്ഷാടന രഹിതമാക്കാൻ മുംബൈ പോലീസ്. നഗരത്തിൽ യാചകരെ കണ്ടാൽ അവരെ കൊറോണ പരിശോധന നടത്തിയ ശേഷം പ്രത്യേക കേന്ദ്രത്തിലേയ്ക്ക് മാറ്റാൻ എല്ലാ പോലീസ് സ്റ്റേഷനിലും നിർദ്ദേശം നൽകിയതായി മുംബൈ പോലീസ് അറിയിച്ചു. പോലീസ് ജോയിന്റ് കമ്മീഷണർ വിശ്വാസ് നഗ്രേ പട്ടീലാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിരിക്കുന്നത്.
1959 ലെ ബോംബെ പ്രിവൻഷൻ ഓഫ് ബഗ്ഗിംഗ് ആക്ട് പ്രകാരമാണ് നടപടി. ‘ഭിക്ഷാടനം ഒരു സാമൂഹിക കുറ്റകൃത്യമാണ്. കോടതിയുടെ അനുമതിയോടെ യാചകരെ കണ്ടെത്താൻ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും നിർദേശം നൽകി. കൊറോണ പരിശോധനക്ക് ശേഷം ഇവരെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റും’ – ഡി.സി.പി എസ്. ചൈതന്യ പറഞ്ഞു.
കുട്ടികളെ ഭിക്ഷാടനത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുന്ന രീതി അവസാനിപ്പിക്കുന്നതിന് വേണ്ടി കൂടിയാണ് ഇത്തരമൊരു നടപടി ആവിഷ്ക്കരിച്ചിരിക്കുന്നത്. ഭിക്ഷാടനം മുംബൈയെ പോലൊരു നഗരത്തിന് മോശം പ്രതിച്ഛായയാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഭിക്ഷാടകരെ പുനരധിവസിപ്പിക്കാതെ കേന്ദ്രത്തിലേക്ക് മാറ്റിയാൽ ഭിക്ഷാടനം അവസാനിപ്പിക്കാൻ സാധിക്കുമോയെന്നും എത്രനാൾ പ്രത്യേക കേന്ദ്രത്തിൽ താമസിപ്പിക്കാനാകുമെന്നും സാമൂഹിക പ്രവർത്തകർ ചോദിക്കുന്നു.