ആസിഡ് ആക്രമണം മിണ്ടാപ്രാണിയോടും, പകപോക്കലില്‍ ആടിന്റെ കാഴ്ച ശക്തി നഷ്ടമായി

കൊല്ലം: പക കാരണം ആസിഡ് ആക്രമണങ്ങള്‍ വര്‍ധിക്കുന്ന കാലമാണിത്. ആസിഡ് ആക്രമണത്തില്‍ മുഖം വൈകൃതമാകുന്നതോടെ ജീവിതം തന്നെ വഴിമുട്ടുന്ന സംഭവങ്ങള്‍ നിരവധി. അതിനിടെ ആസിഡ് ആക്രമണം ഒരു മിണ്ടാപ്രാണിയോട്് ആണെങ്കിലോ. മനുഷ്യ മനസാക്ഷിയെ മുറിവേല്‍പ്പിക്കുന്ന സംഭവം നടന്നത് കൊല്ലത്താണ്. ബന്ധുക്കളുടെ പകയില്‍ അധ്യാപികയുടെ ആടിന്റെ കാഴ്ച നഷ്ടമായി. ആടിന്റെ മുഖത്തും ശരീരത്തിലും ആസിഡ് ഒഴിച്ചതിനെത്തുടര്‍ന്നാണ് സംഭവം. വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് അതിക്രമിച്ചെത്തിയവരാണ് അക്രമം നടത്തിയത്. ബന്ധുക്കള്‍ തമ്മിലുള്ള വഴക്കാണ് ആസിഡ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.
കല്ലുവാതുക്കല്‍ നടുക്കല്‍ കൃപ അരുണില്‍ സുജയുടെ ആടിന് നേരെയാണ് ആക്രമണം ഉണ്ടായത്. കണ്ണിനും ദേഹത്തും പൊള്ളലേറ്റ ആടിന് ഇരുകണ്ണുകളുടെയും കാഴ്ചശക്തി നഷ്ടമായി. ദേഹത്തുനിന്ന് തൊലി അടുര്‍ന്നുവീഴുന്ന അവസ്ഥയിലാണ്. ചാത്തന്നൂര്‍ ബി.ആര്‍.സിയില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികളെ കരകൗശല വിദ്യകള്‍ പരിശീലിപ്പിക്കുന്ന താത്കാലിക അദ്ധ്യാപികയാണ് സുജ. കഴിഞ്ഞദിവസം കൊല്ലത്തെ ബന്ധുവീട്ടില്‍ പോയി തിരികെയെത്തിയപ്പോഴാണ് ആടിന്റെ ദേഹത്ത് നിറവ്യതാസവും അസ്വാഭാവിക പെരുമാറ്റവും ശ്രദ്ധിച്ചത്. തുടര്‍ന്ന് കല്ലുവാതുക്കല്‍ മൃഗാശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചപ്പോഴാണ് ആസിഡ് ആക്രമണമാണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തില്‍ പാരിപ്പള്ളി പൊലീസ് കേസെടുത്തു.
സുജയുടെ രണ്ട് മക്കളില്‍ ഒരാള്‍ക്ക് കാഴ്ചത്തകരാറുണ്ട്. തുച്ഛമായ ശമ്ബളം ജീവിതച്ചെലവിനും മകളുടെ ചികിത്സയ്ക്കും മതിയാകാതെ വന്നതോടെയാണ് അവര്‍ വരുമാനത്തിനായി ആടിനെയും ഒരു ജോഡി മുയലിനെയും പക്ഷികളെയും വളര്‍ത്താന്‍ ആരംഭിച്ചത്.