രാത്രി യാത്രയില്‍ ഡിം ലൈറ്റ് അടിക്കാറില്ലേ, എങ്കില്‍ ഇനി കുടുങ്ങും;അപകടങ്ങള്‍ കൂടുന്നതിനാല്‍ നടപടി

കൊച്ചി: രാത്രിയില്‍ വണ്ടിയുടെ ഡിം ലൈറ്റ് അടിക്കാത്തവരെ കുടുക്കാന്‍ വാഹനവകുപ്പ്. ഡിം ലൈറ്റ് അടിക്കാത്തവരെയും തീവ്രവെളിച്ചം ഉപയോഗിക്കുന്നവരെയും പിടികൂടാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് വാഹനവകുപ്പ്.
രാത്രികാലങ്ങളില്‍ അപകടങ്ങള്‍ പെരുകുന്ന സാഹചര്യത്തിലാണ് നടപടി. ലക്സ് മീറ്റര്‍ എന്ന ഉപകരണം ഉപയോഗിച്ചാണ് ഇത്തരക്കാരെ പിടികൂടുക. ആഡംബര വാഹനങ്ങളിലെ ബീം റെസ്ട്രിക്ടര്‍ അഴിച്ചുമാറ്റുന്നതും ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കുന്നത്.
മോട്ടോര്‍ വാഹന വകുപ്പിന്റെ ഇന്റര്‍സെപ്റ്റര്‍ വാഹന സ്ക്വാഡിനാണ് മെഷീന്‍ നല്‍കിയിട്ടുള്ളത്. 24 വാട്സുള്ള ബള്‍ബുകള്‍ അനുവദിച്ചിടത്ത് ശേഷി 70-75 വരെ വാട്‌സില്‍ കൂട്ടാന്‍ പാടില്ല. 12 വാട്സുള്ള ബള്‍ബുകള്‍ 60 മുതല്‍ 65 വരെ വാട്‌സിലും കൂടരുത്.
ലൈറ്റിന്റെ അളവ് കൂടിയാല്‍ ലക്സ് മീറ്റര്‍ കുടുക്കും. ഒട്ടുമിക്ക വാഹനങ്ങളിലും 60 വാട്‌സ് വരെ ശേഷിയുള്ള ഹാലജന്‍/എച്ച്.ഐ.ഡി./എല്‍.ഇ.ഡി. ബള്‍ബുകളാണ് ഘടിപ്പിച്ചിട്ടുള്ളത്.