Kerala NewsLatest News

പെരിയ ഇരട്ടക്കൊലക്ക് രണ്ട് വര്‍ഷം;സത്യം പുറത്തുവരുമെന്ന പ്രതീക്ഷയില്‍ കുടുംബം

കേരളത്തെയാകെ ഞെട്ടിച്ച കാസര്‍കോട് പെരിയ ഇരട്ട കൊലപാതകത്തിന് ഇന്ന് രണ്ടാം വര്‍ഷം. സിപിഎം ഓഫീസിലടക്കം പരിശോധന നടത്തി കേസില്‍ സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് രണ്ടാം വാര്‍‌ഷികം ആചരിക്കുന്നത്. സുപ്രിംകോടതി വരെയുള്ള നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം കേസില്‍ സിബിഐ അന്വേഷണം നേടിയെടുത്തത്. ഇന്ന് നടക്കുന്ന സ്മൃതി സംഗമം ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.

2019 ഫെബ്രുവരി 17ന് പെരിയ കല്യോട്ട് വെച്ചാണ് ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. കല്യോട്ട് പെരുങ്കളിയാട്ടത്തിന്റെ സ്വാഗത സംഘ രൂപീകരണം കഴിഞ്ഞ് മടങ്ങുന്നതിനിടെ അക്രമിസംഘം ഇരുവരേയും വെട്ടിവീഴ്ത്തുകയായിരുന്നു. തലയ്ക്ക് വെട്ടേറ്റ കൃപേഷ് സംഭവ സ്ഥലത്തും ശരത് ലാല്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചു. മുഖ്യ പ്രതി അടക്കം 11 പേരെ മൂന്ന് ദിവസത്തിനകം ലോക്കല്‍ പൊലീസ് പിടികൂടി. അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. മെയ് 20ന് 14 പേരെ പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം കോടതിയില്‍ നല്‍കി.

കല്യോട്ട് നേരത്തെയുണ്ടായ രാഷ്ട്രീയ അക്രമങ്ങളെ തുടര്‍ന്ന് ഒന്നാം പ്രതി സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് കൊലപാതകമെന്നായിരുന്നു കണ്ടെത്തല്‍. കൊലപാതകത്തിന് ശേഷം ഇവര്‍ സിപിഎം ഉദുമ ഏരിയ കമ്മറ്റി ഓഫീസില്‍‌ താമസിച്ചതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കുടുംബം തൃപ്തരായില്ല. സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചു.

സുപ്രിംകോടതി വരെ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. സംഭവം പുനരാവിഷ്കരിച്ച്‌ സിബിഐ സംഘം അന്വേഷണം തുടങ്ങി. സിപിഎം ഏരിയ കമ്മറ്റി ഓഫീസിലുള്‍പ്പെടെ പരിശോധന നടത്തി. മുന്‍ ഏരിയ സെക്രട്ടറിയെ വിളിച്ച്‌ വരുത്തി മൊഴിയെടുത്തു. ഗൂഢാലോചനയില്‍ ഉന്നത നേതാക്കള്‍ക്കുള്‍പ്പെടെ പങ്കുണ്ടെന്നാണ് ആരോപണം. സിബിഐ അന്വേഷണത്തില്‍ സത്യം പുറത്തുവരുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button