CrimeLatest NewsUncategorizedWorld

കൊടുംക്രൂരത: ഇൻഷുറൻസ് പണം തട്ടിയെടുക്കുന്നതിനായി ഏഴ് മാസം ഗർഭിണിയായ ഭാര്യയെ മലഞ്ചെരിവിൽ നിന്ന് തള്ളിയിട്ടു തീർത്തു

പണത്തിനുവേണ്ടി എന്തും ചെയ്യാൻ തയ്യാറായാകുന്ന ലോകമാണ് ഇപ്പോൾ ഉള്ളത്. അത്തരം ഒരു സംഭവമാണ് തുർക്കിയിൽ ഉണ്ടായത്. തന്റെ ഏഴ് മാസം ഗർഭിണിയായ ഭാര്യയെ ഇൻഷുറൻസ് പണം തട്ടിയെടുക്കുന്നതിനായി ഒരു ഭർത്താവ് ഒരു മലഞ്ചെരിവിൽ നിന്ന് തള്ളിയിട്ടു കൊന്നു. 2018 ജൂണിലാണ് സംഭവം. 32 -കാരിയായ സെമ്ര ഐസലിനെ ഭർത്താവ് തുർക്കിയിലെ ബട്ടർഫ്ലൈ വാലിയിൽ അവധി ആഘോഷിക്കാനെന്നും പറഞ്ഞ് കൂട്ടിക്കൊണ്ടു പോവുകയും, അവിടെയുള്ള 300 മീറ്റർ ഉയരമുള്ള മലഞ്ചെരിവിൽ കൊണ്ടുപോയി തള്ളിയിട്ട് കൊല്ലുകയുമായിരുന്നു. മരിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് സെമ്രയ്‌ക്കൊപ്പം ഹകാൻ എടുത്ത സെൽഫിയിൽ ഒന്നുമറിയാതെ ചിരിച്ചുകൊണ്ടിരിക്കുന്ന സെമ്രയെ കാണാം.

ഭാര്യയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ കുറ്റത്തിന് 40 -കാരനായ ഹകാൻ ഐസലിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. വാസ്തവത്തിൽ അപകടം നിറഞ്ഞ ഈ സ്ഥലം ഹകാൻ കൊലപാതകത്തിന് മനഃപൂർവ്വം തെരഞ്ഞെടുക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഒരുമിച്ച് മലഞ്ചെരിവിൽ ചിത്രമെടുക്കുകയായിരുന്നുവെന്നും, അതിനിടെ അറിയാതെ കാൽ വഴുതി വീഴുകയായിരുന്നെന്നുമാണ് ഭർത്താവ് അന്ന് പൊലീസിനോട് പറഞ്ഞത്. എന്നാൽ, അന്വേഷണത്തിൽ രണ്ട് വർഷത്തിലേറെയായി അയാൾ ഭാര്യയെ കൊല്ലാൻ പദ്ധതികൾ ആലോചിക്കുന്നതായി പൊലീസ് കണ്ടെത്തി. അയാൾ ഭാര്യയെ കൊലപ്പെടുത്തുന്നതിന് മുൻപ് ഭാര്യയ്ക്കായി ഒരു ഇൻഷുറൻസ് എടുത്തിരുന്നതായും പൊലീസ് കണ്ടെത്തി. 400,000 ടർക്കിഷ് ലിറ ഗ്യാരണ്ടിയോടെ ഒരു സ്വകാര്യ അപകട ഇൻഷുറൻസ് അയാൾ ഭാര്യയ്ക്ക് വേണ്ടി എടുത്തിരുന്നു. കൂടാതെ അതിന്റെ ഒരേയൊരു ഗുണഭോക്താവ് അയാൾ മാത്രമായിരുന്നു. ഭാര്യയെ കൊന്ന് ആ തുക കൈക്കലാക്കാനായിരുന്നു അയാളുടെ പദ്ധതിയെന്നാണ് പൊലീസ് പറയുന്നത്.

കൊലപാതകത്തിന്റെ മുൻപ് മൂന്ന് മണിക്കൂറോളം അവർ മലഞ്ചെരിവിൽ തന്നെ ഇരുന്നു. ഒടുവിൽ ചുറ്റിലും ആളുകൾ ഒന്നുമില്ലാതിരുന്ന സന്ദർഭത്തിൽ ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തി അയാൾ ഭാര്യയെ തള്ളിയിടുകയായിരുന്നു. കൊലപാതകത്തിന് തുടർന്ന് അയാൾ ഇൻഷുറൻസ് തുക കൈപ്പറ്റാൻ ശ്രമം നടത്തിയെങ്കിലും , അന്വേഷണത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നപ്പോൾ തുക നിരസിക്കപ്പെട്ടു. മനഃപൂർവ്വമായ കൊലപാതക കുറ്റത്തിന് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഒരു വീഡിയോ അഭിമുഖത്തിൽ, ഇരയുടെ സഹോദരൻ കോടതിയിൽ ഇങ്ങനെ പറഞ്ഞു: ‘മൃതദേഹം എടുക്കാൻ ഞങ്ങൾ ഫോറൻസിക് മെഡിസിൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പോയപ്പോൾ ഹകാൻ കാറിൽ ഇരിക്കുകയായിരുന്നു. ഞാനും എന്റെ കുടുംബവും മനസ്സ് തകർന്നാണ് അവിടെ നിന്നത്. എന്നാൽ, ഹകാൻ സങ്കടപ്പെടുന്നത് ഞങ്ങൾ കണ്ടില്ല. എന്റെ സഹോദരി എല്ലായ്പ്പോഴും വായ്പ എടുക്കുന്നതിന് എതിരായിരുന്നു. എന്നിരുന്നാലും, അവൾ മരിച്ചതിനുശേഷം, എന്റെ സഹോദരിയുടെ പേരിൽ ഹകാൻ മൂന്ന് വായ്പകൾ എടുത്തിട്ടുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കി.” സെമ്രയ്ക്ക് ഉയരങ്ങളെ എന്നും ഭയമായിരുന്നുവെന്നും, അങ്ങനെയുള്ള ഒരാൾ എങ്ങനെയാണ് അത്തരമൊരു സ്ഥലത്തേയ്ക്ക് പോവുക എന്നും സഹോദരൻ ചോദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button