CrimeLatest NewsNational

കൊന്നുതള്ളിയത് കുടുംബത്തിലെ ഏഴ് പേരെ; ഷബ്‌നത്തിന് കഴുമരം ഒരുങ്ങുന്നു:സ്വാതന്ത്രത്തിനു ശേഷം ആദ്യമായി ഒരു വനിതയെ വധശിക്ഷയ്ക്ക് വിധേയമാക്കാൻ രാജ്യം

ലഖ്നൗ: സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിൽ ആദ്യമായി ഒരു വനിതയെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നു. ഉത്തർപ്രദേശിൽ ഒരുക്കങ്ങൾ ആരംഭിച്ചു. 2008 ഏപ്രിലിൽ രാജ്യത്തെ നടുക്കിയ നടന്ന അംറോഹ കൂട്ടക്കൊല കേസിലെ പ്രതി ഷബ്‌നത്തെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. അതേസമയം, പ്രതിയെ തൂക്കിലേറ്റുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.

2008 ഏപ്രിലിലാണ് ഷബ്നവും കാമുകനായ സലീമും ചേർന്ന് ഷബ്നത്തിന്റെ കുടുംബത്തിലെ ഏഴ് പേരെ കോടാലി കൊണ്ട് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. സലീമുമായുള്ള ബന്ധത്തിന് കുടുംബം തടസംനിൽക്കുമെന്ന് കരുതിയായിരുന്നു ദാരുണമായ കൂട്ടക്കൊല. കേസിൽ ഷബ്നത്തെയും സലീമിനെയും പോലീസ് പിടികൂടി. രണ്ട് വർഷത്തിന് ശേഷം 2010 ജൂലായിൽ ജില്ലാ കോടതി ഇരുവരെയും വധശിക്ഷയ്ക്ക് വിധിച്ചു. ഇതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സുപ്രീംകോടതിയും ശിക്ഷ ശരിവെച്ചു. രാഷ്ട്രപതിക്ക് നൽകിയ ദയാഹർജിയും തള്ളിപ്പോയി. ഇതോടെയാണ് പ്രതികളുടെ ശിക്ഷ നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത്.

ഷബ്നം നിലവിൽ ബറേലിയിലെ ജയിലിലും സലീം ആഗ്രയിലെ ജയിലിലുമാണ് തടവിൽ കഴിയുന്നത്. എന്നാൽ മഥുരയിലെ ജയിലിൽവെച്ചാകും ഷബ്നത്തിന്റെ വധശിക്ഷ നടപ്പാക്കുകയെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്ത് വനിതകളെ തൂക്കിലേറ്റുന്ന ഏക കേന്ദ്രം മഥുരയിലെ ജയിലിലാണുള്ളത്. 150 വർഷം മുമ്പ് പണിത ഇവിടെ സ്വാതന്ത്ര്യത്തിന് ശേഷം ഒരാളെ പോലും തൂക്കിലേറ്റിയിട്ടില്ല. ഒരുപക്ഷേ, 1947-ന് ശേഷം ഇന്ത്യയിൽ ആദ്യമായി തൂക്കിക്കൊല്ലുന്ന വനിതയും ഷബ്നമായിരിക്കുമെന്നാണ് ജയിൽ അധികൃതർ പറയുന്നത്.

നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയ പവൻ ജല്ലാദ് തന്നെയാണ് ഷബ്നത്തെയും തൂക്കിലേറ്റുക. ശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായി പവൻ രണ്ട് തവണ മഥുരയിലെ ജയിലിലെത്തി പരിശോധന നടത്തി. ഇദ്ദേഹത്തിന്റെ നിർദേശപ്രകാരം കഴുമരത്തിന്റെ ചില ഭാഗങ്ങളിൽ അറ്റക്കുറ്റപ്പണി നടത്തുകയും ചെയ്തു. ബക്സറിൽനിന്നുള്ള കയറും മഥുരയിലെ ജയിലിൽ എത്തിച്ചിട്ടുണ്ട്.

മരണ വാറന്റ് പുറപ്പെടുവിക്കുന്നതിന് പിന്നാലെ ഷബ്നത്തിന്റെ ശിക്ഷ നടപ്പാക്കുമെന്നാണ് മഥുര ജയിൽ സീനിയർ സൂപ്രണ്ട് ശൈലേന്ദ്ര കുമാർ പറഞ്ഞത്. ഇതിനുമുന്നോടിയായുള്ള തയ്യാറെടുപ്പുകൾ ജയിലിൽ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button