സ്വന്തം മകളെ വീട്ടുതടങ്കലിലാക്കി ദുബായ് ഭരണാധികാരി, രാജകുമാരിയുടെ വീഡിയോ പുറത്ത്

തന്റെ പിതാവിനാല്‍ ബന്ദിയാക്കാപെട്ട വിവരം പുറം ലോകത്തെ അറിയിച്ച്, ദുബായ് ഭരണാധികാരിയുടെ മകള്‍ ലത്തീഫ അല്‍ മക്തൂം രാജകുമാരി. “മെയില്‍ ഓണ്‍ലൈന്‍ ” ന് അയച്ച വിഡിയോയിലൂടെയാണ് ഈ വെളിപ്പെടുത്തല്‍. ഇതില്‍ പറയുന്നതനുസരിച്ച്, ദുബായില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍, രാജകുമാരിയെ, ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂമിന്റെ സഹായികള്‍ തട്ടിക്കൊണ്ടുവന്ന് ജയില്‍ സമാനമായ വില്ലയില്‍ തടവിലാക്കിയിരിക്കുകയാണ്. ഇനി ലത്തീഫ സൂര്യവെളിച്ചം കാണില്ലെന്നും അവര്‍ ഉറപ്പിച്ചു പറഞ്ഞു.
2018 ലാണ് ബന്ദിയാക്കപ്പെട്ടത്. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി 2021, ഫെബ്രുവരി 16 നാണ് 34 കാരിയായ ലത്തീഫ, തന്റെ ആസൂത്രിതമായ നാടുവിടലിനെക്കുറിച്ചും പാതിവഴിയില്‍ വച്ച് പിടിക്കപ്പെട്ട് ബന്ദിയാക്കപ്പെട്ടതിനെക്കുറിച്ചുമുള്ള വിശദമായ വീഡിയോ പുറത്തുവിടുന്നത്. ലത്തീഫയെ പാര്‍പ്പിച്ചിട്ടുള്ള വില്ലയിലെ ജനാലകളൊന്നും തന്നെ തുറക്കാറില്ല. അക്ഷരാര്‍ത്ഥത്തില്‍ ശുദ്ധവായു ലഭിക്കാനുള്ള സ്വാതന്ത്ര്യം പോലും ഇവര്‍ക്കില്ല. വില്ലയുടെ പുറത്ത് 5 പോലീസുകാരും അകത്ത് 2 പോലീസുകാരുമാണ് കാവല്‍ നില്‍ക്കുന്നത്.
2002 ലും ഇതുപോലെ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ബലാത്കാരമായി പിടിച്ചു കൊണ്ടുവന്ന്, 2005 വരെ തടവില്‍ പാര്‍പ്പിച്ചിരുന്നു. 2018 ല്‍ നാടുവിടുന്നതിന് മുന്‍പായി ലത്തീഫ പുറത്തുവിട്ട ഒരു വിഡിയോയിലാണ് ഈ വെളിപ്പെടുത്തലുള്ളത്. ഈ സമയങ്ങളില്‍ പിതാവിന്റെ നിര്‍ദ്ദേശപ്രകാരം, ലത്തീഫക്ക് മയക്കുമരുന്ന് നല്‍കപ്പെടുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. സ്വന്തമായി പാസ്സ്പോര്‍ട്ടോ, വാഹനമോടിക്കാനുള്ള അനുവാദമോ ഇല്ലാതിരുന്ന ഇവരുടെ കൂടെ സദാസമയവും കാവല്‍ക്കാരുണ്ടാകുമായിരുന്നു. തന്റെ സഹോദരി ഷംസയെയും, ഇതുപോലെ നാട് കടക്കാനുള്ള ശ്രമത്തിനിടയില്‍ യു കെ യില്‍ വച്ച് ബലപ്രയോഗം നടത്തി ദുബായില്‍ കൊണ്ടുവന്നു ബന്ദിയാക്കിയിരുന്നു. ഷെയ്ഖ് മുഹമ്മദിന്റെ ആറു ഭാര്യമാരിലുള്ള മുപ്പതു മക്കളില്‍ ഒരുവളായ ലത്തീഫ, കടല്‍ മാര്‍ഗ്ഗം ജെറ്റ് സ്കിയിലാണ് ദുബായ് വിട്ടത്. നേരത്തെതന്നെ ആസൂത്രിതമായി റെഡിയാക്കിയിരുന്ന ഒരു ചെറു കപ്പലില്‍ കയറി, എട്ടു ദിവസത്തോളമെടുത്ത് ഇന്ത്യയുടെ തീരദേശമടുക്കവേ, ഗോവ തീരത്തുള്ള ഇന്ത്യന്‍ കമാന്‍ഡോകളാണ്, അവരെ പിടിച്ച് തിരികെ ദുബായ് ഷേയ്ഖിനെ ഏല്‍പ്പിച്ചത്.
പണമാവശ്യപ്പെട്ടുകൊണ്ട് ചില കുറ്റവാളികള്‍, ലത്തീഫയെ ദുബായില്‍ നിന്നും രക്ഷപ്പെടുത്തിയതാണെന്നും, രാജകുമാരിയെ തിരികെ കൊണ്ടുവന്നത് രക്ഷാപ്രവര്‍ത്തനമാണെന്നും ഷെയ്ഖ് പറയുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ രണ്ടു ഭാര്യമാരും ലത്തീഫയും സഹോദരിയുമുള്‍പ്പടെ കുടുംബാങ്ങങ്ങളായ പലരും, ഷെയ്ഖിന്റെ മോശം പെരുമാറ്റത്തെച്ചൊല്ലി ആരോണമുന്നയിച്ചിട്ടുണ്ട്.