Latest NewsNationalNewsUncategorized

ഒരു സ്ത്രീക്ക് എത്ര കാലം കഴിഞ്ഞാലും പരാതി ഉന്നയിക്കാൻ അവകാശമുണ്ട്; മീ ടു ആരോപണം ഉന്നയിച്ച പ്രിയ രമണിക്ക് എതിരെ എം ജെ അക്ബർ നൽകിയ മാനനഷ്ട കേസ് കോടതി റദ്ദാക്കി

ന്യൂ ഡെൽഹി: മീ ടു ആരോപണം ഉന്നയിച്ച മാധ്യമപ്രവർത്തക പ്രിയ രമണിക്കെതിരെ മുൻ കേന്ദ്ര മന്ത്രി എം.ജെ. അക്ബർ നൽകിയ ക്രിമിനൽ മാനനഷ്ട കേസ് കോടതി തള്ളി. കേസിൽ പ്രിയാ രമണിയെ കോടതി കുറ്റവിമുക്തയാക്കി. ഒരു സ്ത്രീക്ക് എത്ര കാലം കഴിഞ്ഞാലും പരാതി നൽകാൻ അവകാശമുണ്ടെന്ന് കോടതി പറഞ്ഞു.

ലൈംഗിക പീഡനത്തിന് ഇരയാകുന്ന ഒരു വ്യക്തി നേരിടേണ്ടിവരുന്ന പ്രയാസങ്ങളും ക്ലേശങ്ങളും സമൂഹം മനസ്സിലാക്കണം. സാമൂഹ്യമായി വലിയ നിലയിലുള്ള ആൾക്കും ലൈംഗിക പിഡകനാകാൻ കഴിയും. അത്തരം പ്രവൃത്തി ഒരാളുടെ അന്തസ്സും ആത്മാഭിമാനവും ഇല്ലാതാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാറാണ് വിധി പ്രസ്താവിച്ചത്.

1994ൽ ജോലിക്കായുളള അഭിമുഖത്തിനിടെ മുംബൈയിലെ ഹോട്ടൽമുറിയിൽ വച്ച് എം.ജെ. അക്ബർ ലൈംഗികമായി ഉപദ്രവിച്ചു എന്നായിരുന്നു പ്രിയ രമാണി നടത്തിയ വെളിപ്പെടുത്തൽ. മീ ടൂ ക്യാമ്പയിൻ നടക്കുന്ന കാലത്ത് പ്രിയ ഉന്നയിച്ച ആരോപണത്തിന് പിന്നാലെ ഇരുപതോളം സ്ത്രീകളാണ് എം.ജെ. അക്ബറിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. ഇതോടെ അക്ബറിന് കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജിവയ്‌ക്കേണ്ടി വന്നു.

മന്ത്രി എന്ന നിലയ്ക്ക് മാത്രമല്ല, വർഷങ്ങളായി താൻ ആർജിച്ചെടുത്ത കീർത്തിയും ബഹുമാനവും കുടുംബത്തിലും സഹപ്രവർത്തകർക്കിടയിലും നഷ്ടപ്പെട്ടെന്ന് ആരോപിച്ചാണ് പ്രിയ രമണിക്കെതിരെ അക്ബർ കോടതിയിൽ ക്രിമിനൽ മാനനഷ്ട കേസ് ഫയൽ ചെയ്തത്.

തനിക്കെതിരേ ഉന്നയിച്ച ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നും വ്യാജ ആരോപണം ഉന്നയിച്ച പ്രിയ രമണിയെ വിചാരണ ചെയ്യണമെന്നും അക്ബർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരോപണത്തിൽ ഉറച്ച് നിൽക്കുന്നതായി പ്രിയ രമണിയും കോടതിയിൽ വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button