CrimeKerala NewsLatest NewsUncategorized

മൂർഖനും അണലിയും കടിച്ചാൽ സഹിക്കാൻപറ്റാത്ത വേദനയുണ്ടാകും; അണലി രണ്ടാംനിലയിൽ കയറി കടിക്കില്ല: ഉത്ര വധക്കേസിൽ മൊഴി നൽകി വാവാ സുരേഷും

കൊല്ലം : ഉത്രയുടെ മരണവിവരം അറിഞ്ഞയുടൻ ദുരൂഹതയുണ്ടെന്നും പോലീസിൽ വിവരമറിയിക്കണമെന്നും നാട്ടുകാരോട് പറഞ്ഞതായി വാവാ സുരേഷ്. ഉത്ര വധക്കേസ് വിചാരണയിൽ സാക്ഷിയായി കൊല്ലം ആറാം സെഷൻസ് കോടതിയിൽ മൊഴിനൽകുകയായിരുന്നു അദ്ദേഹം.

ഉത്രയെ ഭർത്തൃഗൃഹത്തിൽവെച്ച് അണലി കടിച്ച ദിവസംതന്നെ സംശയം തോന്നിയിരുന്നെന്ന് വാവാ സുരേഷ് പറഞ്ഞു. സംഭവദിവസം വൈകീട്ട് പറക്കോട്ട് ഒരുവീട്ടിലെ കിണറ്റിൽ വീണ പാമ്പിനെ രക്ഷിക്കാൻ ചെന്നപ്പോഴാണ് വിവരമറിഞ്ഞത്. അണലി രണ്ടാംനിലയിൽ കയറി കടിക്കില്ലെന്ന് അപ്പോഴേ പറഞ്ഞിരുന്നു. 20 ദിവസത്തിനുശേഷം ഉത്രയുടെ വീട് സന്ദർശിച്ചപ്പോൾ ഒരുകാരണവശാലും മൂർഖൻ പുറത്തുനിന്ന് സ്വാഭാവികമായി ആ വീട്ടിൽ കയറില്ലെന്നും മനസ്സിലായി. തന്നെ 16 തവണ അണലിയും 340 തവണ മൂർഖനും കടിച്ചിട്ടുണ്ട്.

മൂർഖനും അണലിയും കടിച്ചാൽ സഹിക്കാൻപറ്റാത്ത വേദനയാണെന്നും ഉറങ്ങിക്കിടന്ന ഉത്ര പാമ്പുകടിച്ചത് അറിഞ്ഞില്ലെന്ന് വിശ്വസിക്കാൻ കഴിയില്ലെന്നും വാവാ സുരേഷ് പറഞ്ഞു. ഒരേയാളെ രണ്ടളവിലെ വിഷപ്പല്ലുകളുടെ അകലത്തിൽ കടിക്കുന്നത് അസ്വാഭാവികമാണെന്നും മൊഴിനൽകി.

ഉത്രയെ പാമ്പുകടിച്ച സ്ഥലങ്ങളും സാഹചര്യങ്ങളും പരിശോധിച്ചപ്പോൾ സ്വാഭാവികരീതിയിലല്ലായിരുന്നെന്ന് ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡെപ്യൂട്ടി ഡയറക്ടർ മുഹമ്മദ് അൻവർ മൊഴിനൽകി. അണലി കടിച്ചതിന്റെ ഫോട്ടോയും മൂർഖൻ കടിച്ചതിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും പരിശോധിച്ചതിൽ മുറിവുകൾ സ്വാഭാവികമായി തോന്നിയില്ല. മൂർഖനെ ഉപയോഗിച്ചു നടത്തിയ പരീക്ഷണത്തിലും ഇക്കാര്യം വെളിപ്പെട്ടു. കൈകളിലുണ്ടായ കടിപ്പാട് മൂർഖന്റെ തലയിൽ അമർത്തിപ്പിടിച്ചാൽ മാത്രമുണ്ടാകുന്ന തരത്തിലാണെന്നും പരീക്ഷണത്തിൽ തെളിഞ്ഞതായി അദ്ദേഹം മൊഴിനൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button