എല്ലാം ജനങ്ങളുടെ ചെലവില്‍; പരസ്യത്തിലല്ലാതെ കേരളം എവിടെയും തിളങ്ങുന്നില്ലെന്ന വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ് സെക്രട്ടറി പിടി ചാക്കോ

തിരുവനന്തപുരം: പരസ്യത്തിലല്ലാതെ കേരളം എവിടെയും തിളങ്ങുന്നില്ലെന്ന വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ് സെക്രട്ടറി പിടി ചാക്കോ. സര്‍ക്കാരിന്റെ ഈ പരസ്യ ധൂര്‍ത്ത് കാണുമ്പോള്‍ ഓര്‍ക്കുന്നത് 2004ലെ ഇന്ത്യ തിളങ്ങുന്നു എന്ന കൂറ്റന്‍ പരസ്യം നല്‍കിയ എബി വാജ്‌പേയിയെ ആണെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് ചാക്കോയുടെ വിമര്‍ശനം. ഇന്നത്തെ ദിവസം പാര്‍ട്ടി പത്രത്തില്‍ നല്‍കിയ പരസ്യത്തിന്റെ വിശദാംശങ്ങള്‍ അടക്കമാണ് വിമര്‍ശനം.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇന്ത്യ തിളങ്ങുന്നു എന്ന കൂറ്റന്‍ പരസ്യം നൽകി പ്രധാനമന്ത്രി എ.ബി വാജ്പേയ് 2004ല്‍ തെരഞ്ഞെടുപ്പിനെ നേരിട്ട ദിവസങ്ങളാണ് ഇപ്പോള്‍ ഓര്‍മവരുന്നത്.
കേരളം തിളങ്ങുന്നു എന്ന മട്ടില്‍ ജനങ്ങളുടെ പണം ഉപയോഗിച്ച് നടത്തുന്ന കൂറ്റന്‍ പരസ്യങ്ങളാണ് ഇപ്പോള്‍ എവിടെ തിരിഞ്ഞാലും. പത്രങ്ങള്‍, ചാനലുകള്‍, റേഡിയോ, സോഷ്യല്‍ മീഡിയ, ഫ്ളക്സ്…
എല്ലാം ജനങ്ങളുടെ ചെലവില്‍… ജനങ്ങളുടെ പണം ഉപയോഗിച്ച്. പൂച്ച പെറ്റു കിടക്കുന്ന ഖജനാവില്‍ നിന്നാണ് പരസ്യപ്പണം ഒഴുകുന്നത്.
പാര്‍ട്ടി മുഖപത്രം ഫെബ്രു 17
പേജ്1 ഃ സഹകരണ വകുപ്പിന്റെ ഫുള്‍ പേജ് ജാക്കറ്റ് പരസ്യം.
പേജ്2 ഃ സപ്ലൈക്കോ അര പേജ്
പേജ് 2ഃ പൊതുവിദ്യാലയം
പേജ്10 ഃ കോവിഡ് വാക്സിന്‍ പരസ്യം
പേജ്11 ഃ ക്ഷീരമേഖലയിലെ നേട്ടം
പേജ്12 ഃ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം അരപ്പേജ്
പേജ്13 ഃ കിന്‍ഫ്ര ഡിഫന്‍സ് പാര്‍ക്ക്
പേജ്15 ഃ കേരള ഭാഗ്യക്കുറി അരപ്പേജ് കളര്‍
പേജ്16 ഃ മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണം അരപ്പേജ് കളര്‍
എല്ലാ പത്രങ്ങളിലും ഇതുതന്നെ അവസ്ഥ. ഒരു ഫുള്‍ പേജ് പത്രപരസ്യത്തിന് 95.41 ലക്ഷം രൂപയാണ് പിആര്‍ഡി നിരക്ക്. ദിവസേന ശരാശരി 4 പേജ് പത്രപരസ്യമാണ് നൽകുന്നത്. മുന്‍നിര ചാനലിനു മാത്രം 5 ദിവസത്തെ പരസ്യത്തിന് 1.42 കോടി രൂപ. അങ്ങനെ പത്തിരുപതു ചാനലുകള്‍. പിആര്‍ഡി കൂടാതെ കിഫ്ബി പരസ്യത്തിനു നൽകിയത് 57.03 കോടി രൂപ. വാജ്പേയിക്കു പറ്റിയത് ഇവിടെ സംഭവിക്കാതിരിക്കട്ടെ പരസ്യത്തിലല്ലാതെ മറ്റൊരിടത്തും കേരളം തിളങ്ങുന്നില്ല.