തലയിണയ്ക്കടിയില്‍ പിച്ചാത്തി,ജിഷ കൊലപാതകത്തിന് ശേഷം പേടി കൂടി;ബിഗ്‌ബോസിലെ സായിയുടെ ജീവിതമിങ്ങനെ

ബിഗ് ബോസ് നാലാം ദിനത്തിൽ ഓരോ മത്സരാര്‍ഥികളും തങ്ങളുടെ ജീവിത കഥ പറയുന്നത് തുടരുകയായിരുന്നു. സായ് വിഷ്ണു തന്‍റെ വീട്ടിലെ അവസ്ഥയെ കുറിച്ചാണ് പറഞ്ഞത്. ഈ പരിപാടി പോലും വീട്ടിലെ ആരും കാണുന്നുണ്ടാകില്ല, കാരണം വീട്ടിൽ ടിവി ഇല്ലെന്നാണ് സായ് പറഞ്ഞത്. വീട്ടിൽ തലയിണയ്ക്കടിയിൽ പിച്ചാത്തി വെച്ചാണ് കിടക്കുന്നത്. മുന്നിലെ വാതിൽ വാഷ് ബേസിൻ കൊണ്ടുവന്നും പിറകിലെ വാതിൽ ഗ്യാസ് സിലണ്ടര്‍ കൊണ്ടുവന്നു വെച്ചുമാണ് അടച്ചുറപ്പാക്കുന്നത്.
ഷീറ്റ് വെച്ച് മറച്ച ഒരു കുളിമുറിയാണുള്ളത്. അമ്മയും സഹോദരിയുമൊക്കെ പോകും മുമ്പ് ഞാൻ ചുറ്റും പോയി നോക്കും, അതിന് ശേഷമാണ് അവര്‍ അതിൽ കയറുക. .അച്ഛൻ വളരെ പാവമാണ്. ഉത്തരവാദത്തമൊന്നും ഏറ്റെടുക്കില്ല. അമ്മയാണ് എല്ലാം നടത്തിയിരുന്നത്. അച്ഛന് 2500 രൂപയാണ് മാസം ശമ്പളം. ജോയിന്‍റ് ഫാമിലിയായിരുന്നു. ഇഷ്ടദാനമായി ഞങ്ങളുടെ കുടുംബത്തിന് കിട്ടിയ സ്ഥലത്ത് ഷെഡ് വെച്ചു. ഒരു ഷെഡ്, അതിൽ തന്നെ കട്ടിലും അടുക്കളയും എല്ലാം.
ജിഷ കൊലപാതകം നടന്ന് കഴിഞ്ഞപ്പോഴാണ് ഏറെ പേടിയായത്. എന്‍റെ സഹോദരിയും അതുപോലൊരു ഷെഡ്ഡിലല്ലേ കിടക്കുന്നതെന്ന് തോന്നി. അനിയത്തി വലുതായി വരുകയാണ്, എന്ത് വിശ്വസിച്ചാണ് കിടന്നുറങ്ങുക. അങ്ങനെയാണ് തലയിണക്കടിയിൽ പിച്ചാത്തി വെച്ച് തുടങ്ങിയത്.
ഞാൻ ജിമ്മിൽ പോകാറുണ്ട്, പുറത്ത് പോയി വല്ലതും കഴിക്കുവാണേൽ തന്നെ വീട്ടിലേക്ക് വാങ്ങികൊടുത്തിട്ടെ കഴിക്കൂ. കട്ടിലിന്‍റെ കാൽ കെട്ടിവെച്ചാണ് ഞാൻ കിടക്കുന്നത്. മണിമാളികയൊന്നും ഞങ്ങള്‍ക്കില്ല, ഇവിടുത്തെ സുഖ സൗകര്യങ്ങളൊക്കെ കാണുമ്പോള്‍ അസ്വസ്ഥതയാണ്. ഞാനൊക്കെ ഒരു ഷെഡിൽ ഇരുന്നാണ് കുളിക്കുന്നത്. വീട്ടിൽ അവര്‍ക്ക് കിട്ടാത്തതൊക്കെ എനിക്ക് ഇവിടെ കിട്ടുമ്പോള്‍ ഭ്രാന്താവും.
അമ്മയുടെ ഹാര്‍ട്ട് ഓപ്പറേഷന് 2 ലക്ഷം വേണ്ടി വന്ന സമയമുണ്ടായിരുന്നു. ഞങ്ങള്‍ പരക്കം പാഞ്ഞു. എല്ലാ ജോലിയും ചെയ്തു. അമ്മയെ ആംബലുൻസിൽ കിടത്തിയിട്ട് 2 ആഴ്ച കൂടമ്പോള്‍ ആശുപത്രിയിലേക്ക് പോകേണ്ടിയിരുന്നു. കുറെ പേര് ചതിച്ചിട്ടുണ്ട്. എന്‍റെ കൂടെ ആരുമില്ല. ഒറ്റക്കാണ് ഞാൻ ഇങ്ങോട്ട് വന്നത്. വീടിനടുത്തുള്ളവര്‍ പുത്തൻചിറ പാലസ് എന്ന് കളിയാക്കി വിളിക്കും. എനിക്ക് അവിടെ ഒരു കൊട്ടാരം വെക്കണം. പ്രൈവറ്റ് ജെറ്റ് വേണം എന്നുവരെ എന്‍റെ ആഗ്രഹങ്ങളുടെ ലിസ്റ്റിൽ ഉണ്ട്.
അതോടൊപ്പം ആരുമില്ലാത്ത കുറെ പേരെ നോക്കണം. അലഞ്ഞു തിരിയുന്ന പക്ഷികള്‍ക്കായി പക്ഷിക്കൂട് കെട്ടണം. ഞങ്ങള്‍ക്ക് വീട്ടിൽ ടിവി ഇല്ലാത്തതിനാൽ എല്ലാവരും കൂടിയിരുന്ന് സംസാരിക്കും. എനിക്ക് അമ്മയോട് വലിയ ഇഷ്ടമാണ്, അതിനാൽ തന്നെ സ്ത്രീകളോട് വലിയ ഇഷ്ടമാണ്. മരിക്കും മുമ്പ് ഞാൻ ഒരു സിനിമാ നടനായി കാണണമെന്ന് അമ്മ എപ്പോഴും പറയും, അത് സാധിച്ച് കൊടുക്കണമെന്ന് വലിയ ആഗ്രഹമാണ്, സായ് തന്‍റെ ജീവിതം പറഞ്ഞത് ഇങ്ങനെയാണ്. സായിയുടെ ജീവിത കഥകേട്ടപ്പോൾ ഭാഗ്യ ലക്ഷ്മി ഉള്ളവർ കരയുകയായിരുന്നു.