ദൃശ്യം-2 റിലീസ് ചെയ്ത് രണ്ട് മണിക്കൂറിന് ശേഷം ചിത്രം ടെലിഗ്രാമിൽ; ദൗർഭാഗ്യകരമെന്ന് സംവിധായകൻ ജീത്തു ജോസഫ്

ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ജീത്തു ജോസഫ്- മോഹൻലാൽ ചിത്രം ദൃശ്യം-2 ചോർന്നു. റിലീസ് ചെയ്ത് രണ്ട് മണിക്കൂറിന് ശേഷം ചിത്രം ടെലിഗ്രാമിൽ വന്നത് അണിയറപ്രവർത്തകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
വ്യാജ പതിപ്പിറങ്ങിയത് ദൗർഭാഗ്യകരമാണെന്നും ആമസോൺ തന്നെ അത് തടയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംവിധായകൻ ജീത്തു ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. ചിത്രത്തിനുള്ള മികച്ചതെന്ന അഭിപ്രായം സന്തോഷിപ്പിക്കുന്നതെന്നും ജിത്തു ജോസഫ് പ്രതികരിച്ചു.
ദൃശ്യം-1 നേക്കാൾ നല്ലതെന്ന് ചിലർ അഭിപ്രായപ്പെട്ടു. അത് തന്നെ കൂടുതൽ ഞെട്ടിച്ചെന്നും ജീത്തു ജോസഫ് പറയുന്നു. നിലവിലെ സാഹചര്യങ്ങൾ കൊണ്ടാണ് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യാൻ പറ്റാതെ പോയത്. തിയേറ്ററിലായിരുന്നെങ്കിൽ ചിത്രം രണ്ടാഴ്ച നിറഞ്ഞോടിയേനേ.
പക്ഷേ ഫാമിലികൾ തിയേറ്ററുകളിലേക്ക് വരാൻ മടിക്കുമെന്നാണ് പല കുടുംബങ്ങളിൽ നിന്നും ഞങ്ങൾക്ക് ലഭിച്ച ഫീഡ്ബാക്ക്. അതാണ് ഒടിടി റീലീസിന് കാരണമായതെന്നും ജീത്തു ജോസഫ് പറഞ്ഞു.