മലയാളത്തിൽ തുടങ്ങി, കുമാരനാശാന്റെ വരികൾ ഉദ്ധരിച്ച് വികസന പദ്ധതികൾ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി; ചരിത്ര ദിനമെന്ന് മുഖ്യമന്ത്രി

ന്യൂഡൽഹി: സ്മാർട്ട് സിറ്റിപദ്ധതിയുടെ ഭാഗമായി വിവിധ പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ വികസന പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്നു പറഞ്ഞ പ്രധാനമന്ത്രി, ആശയഗംഭീരനായ കുമാരനാശാന്റെ വരികൾ ഉദ്ധരിച്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓൺലൈനായി നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും വിവിധ കേന്ദ്രമന്ത്രിമാരും സന്നിഹിതരായിരുന്നു.
‘ജാതി ചോദിക്കുന്നില്ല ഞാൻ സോദരി…’ എന്നു തുടങ്ങുന്ന ആശാന്റെ ചണ്ഡാലഭിക്ഷുകിയിലെ വരികളാണ് അദ്ദേഹം പ്രസംഗത്തിനിടെ പരാമർശിച്ചത്. ‘ജാതി,മത, രാഷ്ട്രീയ, ലിംഗ വ്യത്യാസമില്ല, വികസനമാണ് പ്രധാനം. രാജ്യത്തിന്റെ ആവശ്യവും വികസനമാണ്’-അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ 772 കോടിയുടെ 27 പദ്ധതികളാണ് ഇതുവരെ കേരളത്തിൽ പൂർത്തിയായിരിക്കുന്നത്. തൃശ്ശൂരിൽ 2000 മെഗാവാട്ട് പവർ ട്രാൻസ്മിഷൻ പദ്ധതി, 50 മെഗാവാട്ട് ശേഷിയുള്ള കാസർകോട് സോളാർ പവർ പ്രോജക്‌ട്, അരുവിക്കരയിലെ 75 എം.എൽ.ഡി. ജലസംസ്‌കരണ പ്ലാന്റ്, തലസ്ഥാനത്ത് 37 കിമീ ലോകോത്തര സ്മാർട്ട് റോഡ് തുടങ്ങിയ പദ്ധതികളാണ് ഇന്ന് പ്രധാനമന്ത്രി കേരളത്തിനായി ഉദ്ഘാടനം ചെയ്തത്. ഇതോടൊപ്പം 2,000 കോടിയുടെ 68 പദ്ധതികൾ നടപ്പാക്കാൻ പോകുന്നുണ്ടെന്നും മോദി വ്യക്തമാക്കി.