ഷാഫിക്കും ശബരിയ്‌ക്കും ദേഹാസ്വാസ്ഥ്യം; കോണ്‍ഗ്രസില്‍ ഉന്നതതല ചര്‍ച്ച

തിരുവനന്തപുരം: പിന്‍വാതില്‍ നിയമനവിവാദങ്ങള്‍ ഉയര്‍ത്തിക്കാട്ടി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് നിരാഹാരസമരം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ദേഹാസ്വാസ്ഥ്യം. ഒമ്ബത് ദിവസമായി നിരാഹാരസമരം തുടരുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഷാഫി പറമ്ബിലിനും വൈസ് പ്രസിഡന്റ് ശബരീനാഥനും രണ്ട് ദിവസമായി കടുത്ത ദേഹാസ്വാസ്ഥ്യമുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. ദിനംപ്രതി ഇവരുടെ സ്ഥിതി മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇരുവരേയും ആശുപത്രിയിലേക്ക് ഉടന്‍ മാറ്റിയേക്കുമെന്നാണ് സൂചന.
ഷാഫി പറമ്ബിലിനേയും ശബരീനാഥനേയും ആശുപത്രിയിലേക്ക് മാറ്റിയതിന്‌ശേഷം യൂത്ത് കോണ്‍ഗ്രസ് സമരം അവസാനിപ്പിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഉന്നതതല ചര്‍ച്ചകള്‍ നടക്കുകയാണ്. ഷാഫിയ്ക്കും ശബരീനാഥനും പകരമായി മറ്റ് രണ്ട് പേരെ നിരാഹാരസമരത്തിന് നിയോഗിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയതിനുശേഷം യൂത്ത് കോണ്‍ഗ്രസ് സമരം അവസാനിപ്പിക്കാന്‍ സാദ്ധ്യതയുണ്ടെന്നും വിവരമുണ്ട്.
ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനായി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പടെയുളളവര്‍ സമരപന്തലില്‍ ചര്‍ച്ച തുടരുകയാണ്. നാളെ രാഹുല്‍ഗാന്ധി തലസ്ഥാനത്ത് എത്തിയതിന് ശേഷം ഇരുവരും ആശുപത്രിയിലേക്ക് മാറിയാല്‍ മതിയെന്നും ചില നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്.