ലോകത്തിലെ ഏറ്റവും വലിയ മൃഗശാല ഗുജറാത്തില്‍ അംബാനി നിര്‍മിക്കും

ദില്ലി: കൊമോഡോ ഡ്രാഗണുകള്‍, ചീറ്റപ്പുലികള്‍ തുടങ്ങി നൂറുകണക്കിന് മൃഗങ്ങള്‍, വിവിധതരം പക്ഷികള്‍… ഗുജറാത്തില്‍ ലോകത്തെ ഏറ്റവും വലിയ മൃഗശാല ഒരുങ്ങുകയാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് കീഴില്‍. ഗുജറാത്തിലെ ജാംനഗര്‍ ജില്ലയില്‍ 2023ല്‍ മൃഗശാല പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തദ്ദേശ ഭരണകൂടത്തിന് സഹായകരമാകും വിധം മൃഗങ്ങള്‍ക്കായുള്ള റെസ്ക്യൂ കേന്ദ്രവും പദ്ധതിയിലുണ്ടെന്ന് റിലയന്‍സ് കോര്‍പറേറ്റ് അഫയേഴ്സ് ഡയറക്ടര്‍ പരിമള്‍ നത്വാനി പറഞ്ഞു. ജാംനഗറിലെ റിലയന്‍സിന്‍റെ ഓയില്‍ റിഫൈനറിക്ക് സമീപത്തായി 280 ഏക്കറിലാണ് പദ്ധതി. എന്നാല്‍, പദ്ധതിയുടെ ആകെ ചെലവ് എത്രയാണെന്ന് റിലയന്‍സ് വെളിപ്പെടുത്തിയിട്ടില്ല. റിലയന്‍സിന്‍റെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് മൃഗശാലക്കായി ചെലവഴിക്കുന്നുവെന്നാണ് വിവരം. മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനിയുടെ പ്രത്യേക താല്‍പര്യം മൃഗശാല പദ്ധതിക്കുണ്ട്.
ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ 11ാമനാണ് ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ അംബാനി. 76.5 ബില്യണ്‍ ഡോളറാണ് (5.63 ലക്ഷം കോടി രൂപ) അംബാനിയുടെ നിലവിലെ ആസ്തി.