Latest NewsNational

ഉത്തരാഖണ്ഡ് ദുരന്തം ; കാണാതായ 136 പേരെ മരിച്ചതായി പ്രഖ്യാപിച്ചു

ഡെറാഡൂണ്‍ : ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമല ഇടിഞ്ഞതിനെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ കാണാതായ 136 പേരെ മരിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 60 പേരുടെ മൃതദേഹം മാത്രമാണ് സൈന്യത്തിന്റെ തിരച്ചിലിനൊടുവില്‍ കണ്ടെത്താനായത്.

സംസ്ഥാന, ദേശീയ ദുരന്ത നിവാരണ സേന, കരസേന, നാവികസേന, വ്യോമസേന, ഐടിബിപി, ലോക്കല്‍ പോലീസ്, അര്‍ദ്ധസൈനികര്‍ എന്നിവരടങ്ങുന്ന സംഘമാണ് ദിവസങ്ങളോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

നന്ദാദേവി മഞ്ഞുമലയുടെ ഒരുഭാഗം ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് ഫെബ്രുവരി ഏഴിനാണ് അളകനന്ദ നദിയിലും കൈവഴികളിലും മിന്നല്‍പ്രളയമുണ്ടായത്. എന്‍.ടി.പി.സി.യുടെ തപോവന്‍-വിഷ്ണുഗഡ്, ഋഷി ഗംഗ ജലവൈദ്യുതപദ്ധതി പ്രദേശങ്ങളിലെ തൊഴിലാളികളാണ് പ്രധാനമായും ദുരന്തത്തിനിരയായത്.

തപോവന്‍ തുരങ്കത്തില്‍ ഡ്രോണ്‍ കാമറകള്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ ശക്തമാക്കിയിരുന്നു. മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് നിര്‍മാണത്തിലിരുന്ന രണ്ട് അണക്കെട്ടുകളും നിരവധി വീടുകളും തകരുകയും പാലങ്ങള്‍ ഒലിച്ചുപോവുകയും ചെയ്‌തിരുന്നു. മഞ്ഞുമല ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് അളകനന്ദ, ധൗളി ഗംഗ നദികള്‍ കരകവിഞ്ഞ് ഒഴുകിയതാണ് ദുരന്തത്തിന്‍റെ തീവ്രത വര്‍ധിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button