പിസി ജോര്‍ജിനെ വേണ്ടെന്ന് യുഡിഎഫ്, കൈയ്യൊഴിഞ്ഞാല്‍ വീണ്ടും ബിജെപിയിലേക്ക്
ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയിലാണ് പി സി ജോര്‍ജിന്റെ മണ്ഡലമായ പൂഞ്ഞാര്‍. പി സി ജോര്‍ജിന് വലിയ സ്വാധീനമുളള പൂഞ്ഞാര്‍ അടക്കമുളള മേഖലകളില്‍ നേട്ടമുണ്ടാക്കാന്‍ ജനപക്ഷത്തെ ഒപ്പം നിര്‍ത്തിയാല്‍ സാധിക്കുമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നത്.യു ഡി എഫിലേക്കുളള വഴി അടഞ്ഞതോടെ ജോര്‍ജിന്റെ മുന്നില്‍ ഇനിയെന്ത് എന്ന ചോദ്യമാണ് ഉയരുന്നത്. ഈ സമയം നോക്കിയാണ് ജോര്‍ജിനെ മുന്നണിയിലെത്തിക്കാനുളള നീക്കം എന്‍.ഡി.എയും ആരംഭിച്ചിരിക്കുന്നത്.
യു ഡി എഫില്‍ പി സി ജോര്‍ജിന്റെ വരവിനോട് എ ഗ്രൂപ്പിന്റെ ശക്തമായ എതിര്‍പ്പ് തുടരുന്നതിനിടെ ജനപക്ഷം സെക്യുലര്‍ എന്‍ ഡി എയോട് അടുക്കുന്നതായി വിവരം. പി സി ജോര്‍ജിനെ മുന്നണിയില്‍ എത്തിച്ചാല്‍ പൂഞ്ഞാറില്‍ വിജയം ഉറപ്പിക്കാമെന്നും കടുത്ത മത്സരത്തിന് വഴിയൊരുങ്ങുന്ന പാലായില്‍ ഉള്‍പ്പടെ നേട്ടം കൊയ്യാമെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പ് വാദിച്ചിരുന്നത്. എന്നാല്‍ ജോര്‍ജ് മുന്നണിയിലെത്തിയാല്‍ തിരിച്ചടിയാകുമെന്ന മുന്നറിയിപ്പാണ് എ ഗ്രൂപ്പും പ്രാദേശിക നേതാക്കളും നല്‍കിയത്.
ജോര്‍ജിനെ മുന്നണിയുടെ ഭാഗമാക്കിയാല്‍ വിമത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുമെന്ന ഭീഷണി വരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം ഉയര്‍ത്തിയിരുന്നു. കടുത്ത എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ പി.സിയെ ഘടകക്ഷിയാക്കാതെ പിന്തുണയ്ക്കാമെന്ന നിര്‍ദ്ദേശം കോണ്‍ഗ്രസില്‍ ഉയര്‍ന്നിരുന്നു. യു ഡി എഫ് യോഗത്തില്‍ പി ജെ ജോസഫും ജോര്‍ജിന്റെ വരവിനെ എതിര്‍ത്തിരുന്നു.
2019ല്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു പി സി ജോര്‍ജ് എന്‍ ഡി എയില്‍ ചേര്‍ന്നത്. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയായിരുന്നു വിശ്വാസികള്‍ക്കൊപ്പം എന്ന് പ്രഖ്യാപിച്ച് ജോര്‍ജ് മുന്നണിയുടെ ഭാഗമായത്. ക്രിസ്ത്യന്‍ വോട്ടുകളായിരുന്നു പി സിയിലൂടെ ബി ജെ പി ഉന്നമിട്ടത്.തുടര്‍ന്ന് പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് വേണ്ടി അദ്ദേഹം വോട്ട് തേടി ഇറങ്ങുകയും ചെയ്തിരുന്നു. ഒടുവില്‍ എന്‍.ഡി.എ തട്ടിക്കൂട്ട് സംവിധാനമെന്ന് പറഞ്ഞാണ് പി.സി ജോര്‍ജ് മുന്നണി വിട്ടത്.
പി സി എത്തിയാല്‍ രണ്ട് സീറ്റുകളാണ് ജനപക്ഷത്തിന് നല്‍കാമെന്ന് എന്‍ ഡി എ വാഗ്ദാനം. പി സി തന്നെ പൂഞ്ഞാറില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായാല്‍ അട്ടിമറിയാണ് ബി ജെ പി പ്രതീക്ഷിക്കുന്നത്. മാത്രമല്ല മറ്റൊരു സീറ്റില്‍ മകന് ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിക്കാനുളള സാദ്ധ്യതയും എന്‍ ഡി എ തേടുന്നുണ്ട്. അതൊടൊപ്പം ശക്തമായ ത്രികോണ പോരാട്ടത്തിന് വഴിയൊരുങ്ങുന്ന പാലായില്‍ പി സി തോമസിനെ മത്സരിപ്പിക്കാനാണ് എന്‍ ഡി എയില്‍ ആലോചന. മുന്നണിയോട് പിണങ്ങി പോയ പി സി തോമസ് തിരികെ എന്‍ ഡി എ പാളയത്തിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്.