ആനവണ്ടി അടിച്ചുമാറ്റിയതിന് കാരണം കേട്ട് അന്തംവിട്ട് പൊലീസുകാര്‍

കൊല്ലം : കൊട്ടാരക്കര കെ.എസ്.ആര്.ടി.സി ഡിപ്പോയിലെ ബസ് മോഷ്ടിച്ച സംഭവത്തില്‍ പ്രതി പിടിയില്‍, ടിപ്പര്‍ അനിയെന്ന് വിളിയ്ക്കുന്ന തിരുവനന്തപുരം ശ്രീകാര്യം മുക്കില്‍ക്കട വി.എസ്. നിവാസില്‍ നിധിന് (അനീഷ്-30)നെയാണ് കൊല്ലം റൂറല്‍ എസ്.പി നിയോഗിച്ച ഷാഡോ ടീം പാലക്കാട്ട് നിന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്ന് വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. ഈ മാസം എട്ടിന് പുലര്‍ച്ചെ ഒന്നരയോടെയാണ് നിധിന് വേണാട് ബസ് കടത്തിക്കൊണ്ടുപോയത്. രാവിലെ സര്‍വീസ് തുടങ്ങാനായി ഡ്രൈവര്‍ എത്തിയപ്പോഴാണ് ബസ് കാണാനില്ലെന്ന വിവരം അറിഞ്ഞത്.
തുടര്‍ന്ന് കെ.എസ്.ആര്.ടി.സി അധികൃതര്‍ കൊട്ടാരക്കര പൊലീസില്‍ പരാതി നല്കി. പൊലീസ് അന്വേഷണത്തില്‍ പാരിപ്പള്ളിയില്‍ ബസ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബസ് മോഷ്ടിച്ചതാരെന്ന് കണ്ടെത്താന്‍ കഴിയാത്തത് പൊലീസിന് വലിയ നാണക്കേടായിയിരുന്നു. റൂറല്‍ പൊലീസിന്റെ ഹൈടെക് കമാന്‍ഡിംഗ് സെന്ററിന്റെ നൂറ്റമ്ബത് മീറ്റര്‍ പരിധിയില്‍ നിന്നും ബസ് മോഷ്ടിച്ചിട്ടും മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലും ലഭിച്ചിരുന്നില്ല. കെ.എന്‍.എസ് ജംഗ്ഷനിലെ ഒരു ബേക്കറിയിലെ നിന്നും ബസ് കൊണ്ടുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടെത്തി.
തുടര്‍ന്ന് ടവര്‍ ലൊക്കേഷനിലുള്ള ഒന്നര ലക്ഷത്തിലധികം മൊബൈല്‍ ഫോണുകളുടെ വിവരങ്ങളുള്‍പ്പടെ പരിശോധിച്ചിരുന്നു. ഷാഡൊ പൊലീസിന്റെ ഊര്‍ജ്ജിത അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്. മുന്‍പും ടിപ്പര്‍ മോഷണക്കേസുകളില്‍ നിധിന് പിടിയിലായിരുന്നു. ഇതോടെയാണ് ടിപ്പര്‍ അനിയെന്ന വിളിപ്പേരുണ്ടായത്. ഷാഡൊ പൊലീസ് ടീമിലെ എസ്.ഐ ബിനീഷ്, എ.എസ്.ഐമാരായ ശിവശങ്കര പിള്ള, അനില്‍കുമാര്‍, അജയന്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാധാകൃഷ്ണ പിള്ള, ബിജോ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
ടിപ്പര്‍ ലോറി ഡ്രൈവറായ നിധിന് ജെ.സി.ബി ഡ്രൈവറായും ജോലി ചെയ്തിരുന്നു. ഒരു പ്രദേശത്ത് സ്ഥിരമായി താമസിക്കാറില്ല. മാതാപിതാക്കളും അനുജനുമടങ്ങുന്ന കുടുംബവുമൊത്താണ് താമസം. അഞ്ച് വര്‍ഷം മുമ്ബാണ് ഇയാള്‍ ആദ്യമായി ടിപ്പര്‍ ലോറി മോഷ്ടിച്ചത്. ഇതിന്റെ ഓരോ പാര്‍ട്സുകളും ഇളക്കിയെടുത്ത് വില്‍പ്പന നടത്തി. പിന്നീട് മോഷണം ഹരമാക്കിയ നിധിന് ടിപ്പറുകളും ബസുകളുമടക്കം നിരവധി വാഹനങ്ങള്‍ മോഷ്ടിച്ച് പൊളിച്ച് വില്‍പ്പന നടത്തിയിട്ടുണ്ട്. സ്വകാര്യ ബസ് മോഷ്ടിച്ച സംഭവത്തിലും പിടിക്കപ്പെട്ടിരുന്നു. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്. മോഷ്ടിച്ച വണ്ടിയുടെ പൊളിച്ച പാര്‍ട്സ് വാങ്ങുന്നതിനായി കൂട്ടുകക്ഷികളുമുണ്ട്. വില്‍പ്പന നടത്തിയാല്‍ പണവുമായി യാത്ര ചെയ്യുകയാണ് ഇയാളുടെ രീതി.
മോഷണത്തിന് മുന്‍പായി ഇയാള്‍ കൊട്ടാരക്കരയില്‍ രണ്ടുദിവസം തങ്ങിയിരുന്നു. പാരിപ്പള്ളി സ്വദേശിയായ സുഹൃത്ത് ഫോണ്‍ വിളിച്ചതിനെ തുടര്‍ന്ന് രാത്രി അവിടേക്ക് പോകാനിറങ്ങിയപ്പോഴാണ് കൊട്ടാരക്കര നിന്നും ട്രാന്. ബസ് എടുത്തുകൊണ്ടുപോയത്. പാരിപ്പള്ളിയില്‍ റോഡരികില്‍ ബസ് പാര്‍ക്ക് ചെയ്തശേഷം സുഹൃത്തിന്റെ അടുക്കല്‍ പോയി. ഡിപ്പോയില്‍ കൂടുതല്‍ ബസുകള്‍ ഉള്ളതിനാല്‍ മോഷണ വിവരം ആരും അറിയില്ലെന്നായിരുന്നു ഇയാള്‍ ധരിച്ചിരുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയകളിലും ചാനലുകളിലുമൊക്കെ ബസ് മോഷ്ടിച്ച വിവരം വന്നതോടെ പാലക്കാടേക്ക് വണ്ടികയറി. അവിടെ ഒളിവില്‍ താമസിച്ച് അടുത്ത മോഷണത്തിന് പദ്ധതി തയ്യാറാക്കവെയാണ് ഷാഡൊ പൊലീസ് പിടികൂടിയത്.