കൈക്കുഞ്ഞിനെ തലക്കടിച്ചും, വലിച്ചെറിഞ്ഞും കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിലായി.

വെറും അൻപത്തി നാല് ദിവസങ്ങൾ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ തലയ്ക്കടിച്ചും കട്ടിലിലേക്കു വലിച്ചെറിഞ്ഞും കൊലപ്പെടുത്താന്‍ ശ്രമിച്ച ക്രൂരനായ പിതാവ് കേരളത്തിലെ അങ്കമാലിയിൽ അറസ്റ്റിലായി. അങ്കമാലി ജോസ്പുരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന നാല്പത് കാരനായ ഷൈജു തോമസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്കുഞ്ഞായതിനാലും കുട്ടി തന്റേതല്ലെന്ന സംശയം കൊണ്ടുമാണ് ഷൈജു ഈ ക്രൂരകൃത്യത്തിനു മുതിര്‍ന്നതെന്നു പോലീസ് പറഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ കിടപ്പുമുറിയില്‍ വച്ചാണ് ഷൈജു കുഞ്ഞിനെ ക്രൂരമായി ആക്രമിക്കുന്നത്. ഭാര്യയുടെ കൈയില്‍നിന്നു ബലമായി കുഞ്ഞിനെ പിടിച്ചുവാങ്ങി കൈകൊണ്ടു രണ്ടുതവണ കുട്ടിയുടെ തലയ്ക്കടിക്കുകയും കട്ടിലിലേക്ക് വലിച്ചെറിയുകയും ചെയ്തു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഇപ്പോൾ.