സിനിമയിലേക്ക് ഇനിയൊരു മടങ്ങി വരവ് സാധ്യമല്ല; ശാലിനി

ബാലതാരമായും നായികയായും ഒരുപോലെ തിളങ്ങിയ താരമായിരുന്നു ശാലിനി. ഒരു കാലത്ത് ബേബി ശാലിനി ഇല്ലാത്ത ചിത്രങ്ങൾ ഇല്ലായിരുന്നുവെന്ന് പറയാം. പിന്നീട് നായികയായപ്പോൾ അതിലേറെ സ്വീകരണമായിരുന്നു ശാലിനിക്ക് ലഭിച്ചത്. നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ടെങ്കിലും മലയാളത്തിൽ അനിയത്തിപ്രാവ്, തമിഴിൽ അലൈപായുതേ എന്നീ രണ്ട് ചിത്രങ്ങൾ മാത്രം മതി ശാലിനി എന്ന നടിയെ ഓർമിക്കാൻ. പിന്നീട് സൂപ്പർതാരം അജിത്തുമായുള്ള വിവാഹത്തിന് ശേഷം സിനിമക്ക് ഇടവേള നൽകുകയായിരുന്നു നടി. പല നായികമാരും വീണ്ടും സിനിമയിലേക്ക് തിരിച്ചുവന്നപ്പോഴും ശാലിനിയുടെ രണ്ടാം വരവുണ്ടായില്ല.
ഇതിനിടയിൽ മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ ശെൽവത്തിൽ ശാലിനി അഭിനയിക്കുന്നുണ്ടെന്ന് ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ സിനിമയിലേക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശാലിനി.
സിനിമയിലേക്ക് ഇനിയൊരു മടങ്ങി വരവ് സാധ്യമല്ലെന്നാണ് തനിക്ക് തോന്നുന്നതെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി. പ്രയാസകരമായ ഒരു കാര്യമാണത്. സ്ഥിരമായ ഒരു സ്ഥലത്തല്ലാതെ പല സ്ഥലങ്ങളിലായി ജോലി ചെയ്യുന്ന ഭർത്താവും സ്കൂളിൽ പോകുന്ന രണ്ടു കുഞ്ഞുങ്ങളും ഞാൻ എന്തുചെയ്യും. പല നടിമാരും മക്കൾ ജനിച്ച ശേഷവും സിനിമയിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. അവരോടെനിക്ക് ബഹുമാനമാണ്. പക്ഷേ എന്നെ കൊണ്ട് അത് സാധ്യമാകുമെന്ന പ്രതീക്ഷയില്ല. കാരണം അത് കുടുംബ ജീവിതത്തെ ബാധിക്കാൻ ഇടയുണ്ട് എന്നും ശാലിനി കൂട്ടിച്ചേർത്തു.