Latest NewsNationalNews

ചേച്ചിയുടെ രോഗം മാറാന്‍ അനിയത്തിയെ വിറ്റു, 12കാരിയുടെ രാത്രിയിലെ നിലവിളിയില്‍ പോലീസ് കേസ്‌

നെല്ലൂര്‍: ഇതൊക്കെ നമ്മുടെ ആര്‍ഷഭാരത സംസ്‌കാരത്തില്‍ ഈ 2021ലും നടക്കുന്നു എന്നതാണ് ലജ്ജാകരം. അസുഖബാധിതയായ മൂത്തമകളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ ഇളയമകളെ വിറ്റ് മാതാപിതാക്കള്‍. ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് ഞെട്ടിക്കുന്ന സംഭവം. ദമ്ബതികളുടെ മൂത്തമകളായ പതിനാറുകാരിക്ക് ശ്വസന സംബന്ധമായ രോഗമുണ്ടായിരുന്നു. ഇതിനുള്ള ചികിത്സയ്ക്കായാണ് ഇവര്‍ ഇളയമകളായ പന്ത്രണ്ടുകാരിയ വിറ്റത്. അയല്‍വാസിയായ ചിന്ന സുബ്ബയ്യ എന്ന 46കാരനാണ് ഈ കുട്ടിയെ വില കൊടുത്ത് വാങ്ങിയത്.

പൊലീസ് പറയുന്നതനുസരിച്ച്‌ നേരത്തെ വിവാഹിതനായ സുബ്ബയ്യയുടെ ഭാര്യ കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ഇയാളെ ഉപേക്ഷിച്ച്‌ പോയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ പന്ത്രണ്ടുകാരിയെ വിവാഹം ചെയ്യാന്‍ താത്പ്പര്യം അറിയിച്ച്‌ കുട്ടിയുടെ മാതാപിതാക്കളെ സമീപിച്ചത്. ഇതിന് മുമ്ബും ഇതേ ആവശ്യം ഉന്നയിച്ച്‌ ഇവരെ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൂത്തമകളുടെ ചികിത്സയ്ക്കായി പണം കണ്ടെത്താനാകാതെ വിഷമിച്ച ദിവസവേതനക്കാരായ മാതാപിതാക്കള്‍ ഒടുവില്‍ ഇയാളുടെ വാഗ്ദാനങ്ങള്‍ക്ക് മുന്നില്‍ വഴങ്ങുകയായിരുന്നു. 25000 രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടതെങ്കിലും വിലപേശലിനൊടുവില്‍ 10000 രൂപയാണ് സുബ്ബയ്യ നല്‍കിയത്. –

പണം കൊടുത്ത് കുട്ടിയെ വാങ്ങിയശേഷം ഇക്കഴിഞ്ഞ ബുധനാഴ്ച ഇയാള്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്തു. തുടര്‍ന്ന് അന്ന് തന്നെ വധുവുമായി തന്‍റെ നാടായ ദംപുരിലേക്ക് മടങ്ങി. രാത്രിയോടെ വീട്ടില്‍ നിന്നും ഒച്ചത്തിലുള്ള അലര്‍ച്ചയും കരച്ചിലും കേട്ട നാട്ടുകാര്‍ ഗ്രാമമുഖ്യന്‍റെ സഹായത്തോടെ ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

‘വീട്ടില്‍ നിന്നും ബഹളം കേട്ട പ്രദേശവാസികള്‍ എന്താ കാര്യം എന്നറിയാന്‍ സുബ്ബയ്യയുടെ വീട്ടിലെത്തുകയായിരുന്നു. ഇതിനു ശേഷം ഗ്രാമമുഖ്യനെ വിവരം അറിയിക്കുകയും അദ്ദേഹം ഞങ്ങള്‍ക്ക് വിവരം നല്‍കുകയുമായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തി കുട്ടിയെ അവിടെ നിന്നും രക്ഷപ്പെടുത്തി ജില്ലാ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു’ വനിത-ശിശുക്ഷേമ വകുപ്പ് അധികൃതര്‍ പറയുന്നു.ഇവിടെ കുട്ടിക്ക് കൗണ്‍സിലിംഗ് നടന്നു വരികയാണ്.

സംഭവത്തില്‍ സുബ്ബയയ്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും അന്വേഷണസംഘം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button