ഞാൻ ഈ കാറ്റിനെ പോലെയാണ്, എനിക്ക് ഒഴുകി നടക്കണം; ചിരിച്ച് കൊണ്ട് വീഡിയോ എടുത്തു, തൊട്ട് പിന്നാലെ നദിയിൽ ചാടി ജീവനൊടുക്കി

കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ 23 കാരി നദിയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെതിരെ കേസെടുത്ത് പോലീസ്. ആയിഷ ആരിഫ് ഖാൻ എന്ന യുവതിയാണ് നദിയിൽ ചാടിയത്. മരിക്കുന്നതിന് മുമ്പ് ആയിഷ സ്വന്തം മൊബൈൽ ഫോണിൽ ചിത്രീകരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുകയാണ്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് ആയിഷ ആരിഫ് ഖാൻ സബർമതി നദിയിൽ ചാടി ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് നദിയുടെ സമീപത്തു നിന്ന് ആയിഷ മൊബൈലിൽ പകർത്തിയ വീഡിയോ ഭർത്താവിന് അയക്കുകയും ചെയ്തു. സ്വയം പരിചയപ്പെടുത്തിയാണ് ആയിഷ വിഡിയോയിൽ സംസാരിച്ച് തുടങ്ങുന്നത്. നന്നായി ചിരിക്കുന്നുമുണ്ട്. ജീവനൊടുക്കാനുള്ള തന്റെ തീരുമാനത്തിന് പിന്നിൽ ആരുമില്ലെന്ന് വീഡിയോയിൽ ആയിഷ പറയുന്നുണ്ട്.
വീഡിയോയിൽ ആയിഷ പറഞ്ഞത് ഇങ്ങനെ…
‘ഞാൻ ഈ ചെയ്യാൻ പോകുന്നത് എന്റെ തീരുമാനമാണ്. ഇതിനുപിന്നിൽ ആരുടെയും സമ്മർദ്ദമില്ല. ദൈവം എനിക്ക് വളരെ കുറച്ച് ആയുസ് മാത്രമാണ് നൽകിയിട്ടുള്ളത്. ആരിഫിന് വേണ്ടത് സ്വാതന്ത്ര്യമായിരുന്നു. ഞാൻ അദ്ദേഹത്തിന് സ്വാതന്ത്ര്യം നൽകുന്നു. ദൈവത്തെ കാണാൻ പോകുന്നതിൽ ഞാൻ സന്തോഷവതിയാണ്. എന്റെ തെറ്റ് എന്തായിരുന്നുവെന്ന് ഞാൻ ദൈവത്തോട് ചോദിക്കും. ഇപ്പോൾ ഞാനൊരു കാര്യം പഠിച്ചു. നിങ്ങൾക്ക് സ്‌നേഹിക്കണമെന്നുണ്ടെങ്കിൽ അത് രണ്ടുപേരുടെയും കൂടെ സ്‌നേഹമാകണം. ഒരാൾ മാത്രം സ്‌നേഹിച്ചാൽ ഒന്നും നേടാനാകില്ല. ഞാൻ ഈ കാറ്റിനെ പോലെയാണ്. എനിക്ക് ഒഴുകി നടക്കണം. ഇന്ന് ഞാൻ ഏറെ സന്തോഷത്തിലാണ്. നിങ്ങളെല്ലാം എന്നെ പ്രാർഥനയിൽ ഓർമിക്കണം. സ്വർഗത്തിലേക്കാണോ അതോ നരകത്തിലേക്കോ ഞാൻ പോവുകയെന്ന് എനിക്കറിയില്ല…. ‘ – വീഡിയോയിൽ ആയിഷ പറഞ്ഞു.
ഭർത്താവിന് വീഡിയോ അയച്ചുനൽകിയതിന് പിന്നാലെയാണ് യുവതി നദിയിൽ ചാടിയതെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു. സ്ത്രീധനത്തിന്റെ പേരിൽ അയിഷയെ ആരിഫും കുടുംബാംഗങ്ങളും മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.