ടിക്ടോക്ക് താരത്തിന്റെ മരണം; മഹാരാഷ്ട്ര മന്ത്രി രാജി വച്ചു

മുംബൈ: മഹാരാഷ്ട്ര വനംമന്ത്രി സഞ്ജയ് റാത്തോഡ് രാജിവച്ചു. ടിക്ടോക്ക് താരം പൂജ ചവാന്റെ(23)മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് രാജി. പൂജയുടെ മരണത്തെ തുടര്‍ന്ന് വ്യാപകമായി പ്രചരിച്ച ഓഡിയോ ക്ലിപ്പുകളെ അടിസ്ഥാനമാക്കി മന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
സഞ്ജയ് റാത്തോഡ് പദവിയില്‍ തുടരുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുമെന്ന് എന്‍സിപി, കോണ്‍ഗ്രസ് നേതാക്കളും മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ അറിയിച്ചിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗീക വസതിയിലെത്തിയാണ് സഞ്ജയ് രാജിക്കത്ത് നല്‍കിയത്.
ഫെബ്രുവരി എട്ടിനാണ് ഹഡാപ്സറിലെ ഒരു കെട്ടിടത്തില്‍ നിന്നും പൂജ വീണത്. ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.