കോട്ടയത്ത് വിശപ്പ് സഹിക്കാനാകാതെ ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്

വിശപ്പ് സഹിക്കാനാകാതെ മൊബൈല്‍ ടവറിനു മുകളില്‍ കയറി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. കോട്ടയം മെഡിക്കല്‍ കോളജ് കപ്പേള ജംക്‌ഷനു സമീപം ഇന്നലെ വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. കോതമംഗലം മാമലക്കണ്ടം സ്വദേശി അരുണ്‍ കുമാറാണ് (27) ആത്മഹത്യാ ഭീഷണി മുഴക്കിയത്. പൊലീസ് എത്തി യുവാവിനെ താഴെയിറക്കുകയായിരുന്നു.
പൊലീസും അഗ്നിരക്ഷാ സേനയും യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു. ടവറില്‍ 40 അടിയോളം ഉയരത്തില്‍ അരുണ്‍ കയറിയതായി പൊലീസ് പറയുന്നു. മുകളില്‍ കയറി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയതോടെയാണ് സംഭവം നാട്ടുകാരും യാത്രക്കാരും കാണുന്നത്. യാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ എത്തിയ ഗാന്ധിനഗര്‍ പൊലീസ് അഗ്നിരക്ഷാ സേനയെ വിളിച്ചുവരുത്തി.
ദിവസങ്ങളായി ജോലിയില്ലെന്നും പട്ടിണിയാണെന്നും ഇദ്ദേഹം വിളിച്ചുപറഞ്ഞു. താഴെയിറങ്ങാന്‍ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. ആത്മഹത്യ ചെയ്യുമെന്ന് തന്നെ യുവാവ് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. പൊലീസ് ഉപദ്രവിക്കില്ലെന്നു ഉറപ്പുനല്‍കിയാല്‍ ഇറങ്ങാമെന്നു പറഞ്ഞു. ഏഴരയോടെ താഴെയിറങ്ങി. ഉടന്‍ തന്നെ പൊലീസ് സമീപത്തുള്ള ഹോട്ടലില്‍ നിന്നും യുവാവിന് ഭക്ഷണം വാങ്ങി നല്‍കി. അരുണ്‍കുമാറിനെ പരിചയമുള്ള ആംബുലന്‍സ് ഡ്രൈവര്‍ക്കൊപ്പം പൊലീസ് പറഞ്ഞുവിട്ടു.