Kerala NewsLatest NewsPoliticsUncategorized

എൽഡിഎഫ് സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നു; മുകേഷിന് രണ്ടാമൂഴം, ഇരവിപുരത്ത് നൗഷാദ് തുടരും, ഇളവ് കിട്ടിയാൽ അയിഷ പോറ്റിക്കും മേഴ്സിക്കുട്ടിയമ്മക്കും സാധ്യത

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് വീണ്ടും മത്സരിപ്പിക്കാൻ നടൻ മുകേഷ്. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണയായി. ഇരവിപുരത്ത് എം.നൗഷാദ് തുടരും. കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോൻ തന്നെ സ്ഥാനാർത്ഥിയാകും. സീറ്റ് നേരത്തെ സിപിഎം ഏറ്റെടുത്തേക്കുമെന്ന സൂചനകളുണ്ടായിരുന്നുവെങ്കിലും വിജയസാധ്യത പരിഗണിച്ച് കോവൂർ കുഞ്ഞുമോനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിക്കുകയായിരുന്നു. ആർഎസ്പി ലെനിനിസ്റ്റ് പാർട്ടി അദ്ദേഹത്തെ പുറത്താക്കിയെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇടത് സ്വതന്ത്രനായാകും അദ്ദേഹം മത്സരിക്കുകയെന്നാണ് സൂചന.

ചവറയിൽ അന്തരിച്ച എംഎൽഎ വിജയൻ പിള്ളയുടെ മകൻ സുജിത് വിജയനെ മത്സരിപ്പിക്കും. പാർട്ടി ചിഹ്നത്തിലാണോ അതോ ഇടത് സ്വതന്ത്രനായാണോ മത്സരിക്കുകയെന്നതിൽ സിപിഎം തീരുമാനമെടുക്കും.

മൂന്നു ടേം എന്ന നിബന്ധനയിൽ ഇളവുണ്ടായാൽ അയിഷ പോറ്റിയും മേഴ്സിക്കുട്ടിയമ്മയും ഇത്തവണയും സ്ഥാനാർത്ഥിയാകും. ജയസാധ്യത കണക്കിലെടുത്ത് കൊട്ടാരക്കരയിൽ അയിഷ പോറ്റിക്ക് വീണ്ടും അവസരം നൽകാൻ ആലോചിക്കുന്നുണ്ട്. അതേ സമയം ഇവിടെ കെ.എൻ.ബാലഗോപാലും പട്ടികയിൽ ഇടം പിടിച്ചു.

കുണ്ടറയിൽ മേഴ്സിക്കുട്ടിയമ്മയ്ക്കു പുറമേ പാർട്ടി ഏരിയ സെക്രട്ടറി എസ്.എൽ.സജികുമാറിനെയും പരിഗണിക്കുന്നുണ്ട്. മൂന്നു ടേം എന്ന നിബന്ധനയിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കും, അയിഷ പോറ്റിക്കും ഇളവു നൽകണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റാകും എടുക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button