Kerala NewsLatest NewsNewsUncategorized

എയിഡ്‌സിനു മരുന്നു കണ്ടുപിടിച്ചു എന്ന അവകാശവാദമുയർത്തി ശ്രദ്ധേയനായ ടി.എ.അബ്ദുൾ മജീദ് അന്തരിച്ചു

കൊച്ചി: എച്ച് ഐ വി എയിഡ്‌സിനു മരുന്നു കണ്ടുപിടിച്ചു എന്ന അവകാശവാദമുയർത്തി ശ്രദ്ധേയനായ വൈറസ് മജീദ് എന്ന ടി.എ.അബ്ദുൾ മജീദ് (82) അന്തരിച്ചു. കബറടക്കം ശനിയാഴ്ച വൈകിട്ട് 3.30ന് കലൂർ കറുകളപ്പള്ളി തോട്ടത്തുംപടി ജുമാമസ്ജിദിൽ. എൻജിനീയറിങ് ബിരുദധാരിയും ഖനന മേഖലയിൽ എൻജിനീയറുമായിരുന്ന ഇദ്ദേഹം കേരളത്തിലെ ആദ്യ എച്ച്‌ഐവി രോഗബാധിതരെ തന്റെ രഹസ്യ മരുന്നു നൽകി സുഖപ്പെടുത്തി എന്ന പ്രഖ്യാപനത്തിലൂടെ രാജ്യമെങ്ങും ശ്രദ്ധിക്കപ്പെട്ടിരുന്നു.

എച്ച്‌ഐവി പോസിറ്റീവ് ഭീതി വിതച്ചുനിന്ന 90കളുടെ അവസാനമായിരുന്നു ഇത്. എയിഡ്‌സിനു മരുന്നു കണ്ടെത്തിയെന്ന പ്രഖ്യാപനത്തോടെ നിരവധിപേർ ഇദ്ദേഹത്തിന്റെ മരുന്നു തേടിയെത്തി. ശ്രീലങ്ക ഉൾപ്പടെ വിദേശ രാജ്യത്തേക്കും മരുന്നു വിൽപന വ്യാപിപ്പിച്ചു. 2000-21ൽ 100 കോടി രൂപ വിറ്റുവരവു നേടി സംസ്ഥാനത്തെ ഏറ്റവും വലിയ നികുതിദായകനുമായി.

അദ്ദേഹത്തിന്റെ മരുന്ന് കഴിച്ച രോഗി മരിച്ചതോടെ വ്യാജ ചികിത്സയ്‌ക്കെതിരെ ഐഎംഎയും ആരോഗ്യ വകുപ്പും രംഗത്തെത്തി. ഡ്രഗ് കൺട്രോൾ ബോർഡ് മരുന്നു വ്യാജമാണെന്നു കണ്ടെത്തിയതോടെ മരുന്നു കോടതിയിലൂടെ നിരോധിക്കപ്പെട്ടു.

എച്ച്‌ഐവി മരുന്നു കണ്ടെത്തിയതോടെ ബ്രോഡ് വേയിലെ ഇദ്ദേഹത്തിന്റെ തുണിക്കട ഫെയർ ഫാർമ എന്നു പേരുമാറ്റി മരുന്നു കടയായി. കടവന്ത്രയിലെ ഒരു വൈദ്യശാലയിലെ മരുന്നു കൂട്ട് മോഷ്ടിച്ചാണ് മരുന്ന് ഉൽപാദനം തുടങ്ങിയതെന്ന് ആരോപണം ഉയർന്നിരുന്നു. കോടതി വിധിയിലൂടെ മരുന്നു നിർമാണം നിരോധിച്ചെങ്കിലും സുപ്രീം കോടതി എയിഡ്‌സിനുള്ള മരുന്നൊഴികെയുള്ളവ ഉൽപാദിപ്പിക്കാൻ അനുമതി നൽകിയിരുന്നു. ഫെയർ ഫാർമയ്ക്ക് നിലവിൽ കോയമ്പത്തൂരിലും ചെന്നൈയിലും ബ്രാഞ്ചുകളുണ്ട്.

മരുന്നു വിൽപനയിലൂടെ ലഭിച്ച കോടികൾ ചെലവഴിച്ച് എറണാകുളത്ത് മജീദ് നിർമിച്ച കൊട്ടാര സമാനമായ വീട് അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭാര്യ: പുനത്തിൽ ഷമീമ. മക്കൾ: ആസിഫ്, ഷംഷാദ്, ഷബ്‌നം, നജ്‌ല. മരുമക്കൾ സക്കീർ ഹുസൈൻ, പി.എച്ച്. മുഹമ്മദ്, പ്രഫ. മുഹമ്മദ് സജാദ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button