ചെത്തുതൊഴിലാളിയുടെ മകൻ ഇനിയും ഈ നാട് ഭരിക്കണം; വിവാദമായതോടെ വാചകങ്ങൾ സിപിഎം പ്രവർത്തകർ മായ്ച്ചു

തൃശൂർ: ‘തമ്പ്രാൻറെ മകനല്ല, ചെത്തുതൊഴിലാളിയുടെ മകൻ ഇനിയും ഈ നാട് ഭരിക്കണം.’ എൽഡിഎഫ് പ്രവർത്തകർ തൃശൂർ എംജി റോഡിനു സമീപം നടത്തിയ ചുമരെഴുത്ത് വിവാദമായി. ഫേസ്ബുക്കിൽ വൈറലായതോടെ എതിരഭിപ്രായങ്ങളും ഉയർന്നു.
ചുമരെഴുത്ത് വിവാദമായതോടെ ആ വാചകങ്ങൾ സിപിഎം പ്രവർത്തകർ തന്നെ മായ്ച്ചുകളഞ്ഞു. ഇപ്പോൾ മതിലിൽ പിണറായി വിജയൻറെ ചിത്രം ബാക്കിയുണ്ട്. വിവാദ ചുമരെഴുത്ത് മായ്ച്ചുകളഞ്ഞ ചിത്രവും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ചിലർ രണ്ടു ചിത്രങ്ങളും ചേർത്ത് ട്രോളുണ്ടാക്കി.
കോൺഗ്രസ് നേതാവ് കെ. സുധാകരൻ എംപിയാണ് മുഖ്യമന്ത്രി പിണറായി വിജയനെ ചെത്തുകാരൻറെ മകൻ എന്നു വിശേഷിപ്പിച്ചു വിവാദത്തിനു തുടക്കം കുറിച്ചത്. ഇതെ തുടർന്ന് വിശേഷണം വ്യാപക ചർച്ചകൾക്ക് ഇടയായിരുന്നു.