Kerala NewsLatest NewsNews

സുരേഷ് ഗോപി മത്സരിക്കുമോ? ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയം ഇങ്ങനെ

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളും ഉഭയകക്ഷി ചര്‍ച്ചകളും വൈകി തുടങ്ങിയ ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥി പട്ടിക ഇതുവരെ അന്തിമമാക്കാന്‍ കഴിഞ്ഞില്ല. ബി.ഡി.ജെ.എസുമായി ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായെങ്കിലും മറ്റ് ഘടകകക്ഷികളുമായുള്ള ചര്‍ച്ച ഇനിയും നീളും. മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടിയായിരിക്കും.

ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 11 നോ 12 നോ ഡല്‍ഹിയില്‍ നടക്കും. കുറെ സീറ്റുകളില്‍ ധാരണയായിട്ടുണ്ടെങ്കിലും പ്രഖ്യാപനം ഒരുമിച്ചായിരിക്കും. പല ജില്ലകളില്‍ നിന്നും ലഭിച്ച പട്ടികകളില്‍ ഒന്നാം റൗണ്ട് ചര്‍ച്ച നടത്തിയ ശേഷം തീരുമാനമാകാതെ മാറ്റിവച്ചിരിക്കുകയാണ്. പന്തളം, മാവേലിക്കര, ആറ്റിങ്ങല്‍ സംവരണ സീറ്റുകള്‍ക്കായി ഒട്ടേറെ പേര്‍ രംഗത്തുണ്ട്. കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ ചേര്‍ന്ന മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കെ.വി.ബാലകൃഷ്ണന്‍, ആകാശവാണി -ദൂരദര്‍ശന്‍ മുന്‍ ജോയിന്റ് ഡയറക്ടര്‍ കെ.എ. മുരളീധരന്‍ എന്നിവരെയും സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീറിനെയും മാവേലിക്കരയില്‍ പരിഗണിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ ചേര്‍ന്ന മുന്‍ കെ.പി.സി.സി സെക്രട്ടറി പന്തളം പ്രതാപനോ പന്തളം നഗരസഭ ചെയര്‍പേഴ്സണ്‍ സുശീലയ്ക്കോ അടൂര്‍ സീറ്റ് നല്‍കും. പി.സുധീറിനെ ആറ്റിങ്ങലിലും പരിഗണിക്കുന്നുണ്ട്. ഉദുമയില്‍ ഒ.ബി.സി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്‍, തലശ്ശേരിയില്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ഹരിദാസ്, കൂത്തുപറമ്ബില്‍ സെല്‍ കോ ഓര്‍‌ഡിനേറ്റര്‍ കെ. രഞ്ജിത് എന്നിവരെയും പരിഗണിക്കുന്നുണ്ട്. തൃശൂരില്‍ സന്ദീപ് വാര്യര്‍, ചെങ്ങന്നൂരില്‍ ആര്‍. ബാലശങ്കര്‍ എന്നിവര്‍ക്കാണ് സാദ്ധ്യത.

നെയ്യാറ്റിന്‍കരയില്‍ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ ചേര്‍ന്ന ഉദയ സമുദ്ര ഗ്രൂപ്പ് എം.‌ഡി രാജശേഖരന്‍ നായരെ സ്ഥാനാര്‍ത്ഥിയാക്കാനും സാദ്ധ്യതയുണ്ട്. ബി.ഡി.ജെ.എസില്‍ നിന്നേറ്റെടുത്ത കോഴിക്കോട് സൗത്തില്‍ നവ്യ ഹരിദാസും കോവളത്ത് എസ്. സുരേഷും ഷൊര്‍ണൂരില്‍ പി. വേണുഗോപാലും മത്സരിക്കും. സുരേഷ് ഗോപി തൃശൂര്‍, തിരുവനന്തപുരം മണ്ഡലങ്ങളിലൊന്നില്‍ മത്സരിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിന്റെ അന്തിമ തീരുമാനം ഉടന്‍ ഉണ്ടാവുമെന്നാണ് സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button