CrimeKerala NewsLatest NewsUncategorized

ശരീരത്തിൽ നാൽപ്പത്തിനാല് മുറിവുകൾ; മരണശേഷം രണ്ടു തുടയെല്ലുകളും പൊട്ടി: മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വേൽമുരുകന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

വയനാട്: ബപ്പനമല മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വേൽമുരുകന്റെ ശരീരത്തിൽ നാൽപ്പത്തിനാല് മുറിവുകളുണ്ടെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ട്. മരിച്ചതിന് ശേഷമാണ് രണ്ടു തുടയെല്ലുകളും പൊട്ടിയതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആന്തരികാവയവങ്ങൾക്കേറ്റ മുറിവാണ് മരണകാരണമെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതോടെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സി പി റഷീദിന്റെ നേതൃത്വത്തിലുളള മനുഷ്യാവകാശ പ്രവർത്തകർ.

ഹൃദയം, കരൾ, വയർ, ശ്വാസകോശം, കിഡ്നി എന്നിവിടങ്ങളിൽ വെടിയേറ്റുണ്ടായ ആഴത്തിലുളള മുറിവാണ് മരണത്തിനിടയാക്കിയതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. പിടികൂടുകയെന്ന ലക്ഷ്യത്തോടെയാണ് വെടിയുതിർത്തതെങ്കിൽ കാൽമുട്ടിന് താഴെ മാത്രമെ വെടിവയ്‌ക്കാവൂ എന്നാണ് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്.

മരണശേഷമാണ് രണ്ട് തുടയെല്ലുകളും പൊട്ടിയതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. മൃതദേഹത്തോട് പോലും പൊലീസ് അനാദരവ് കാണിച്ചെന്നതിന്റെ തെളിവായാണ് ഇതിനെ ഇവർ ചൂണ്ടിക്കാട്ടുന്നത്. ഏറ്റുമുട്ടലിൽ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്നാണ് ഇവരുടെ വാദം. ഇതിനെതിരെ മനുഷ്യാവകാശ കമ്മിഷനെയും കോടതിയെയും സമീപിക്കാനാണ് സി പി റഷീദിന്റെ നേതൃത്വത്തിലുളള ഒരു കൂട്ടം മനുഷ്യാവാകാശ പ്രവർത്തകർ തയ്യാറെടുക്കുന്നത്.

വേൽമുരുകനെ കൊല്ലുകയെന്ന ലക്ഷ്യത്തോടെ പൊലീസ് വെടിവച്ചുവെന്നാണ് സി പി റഷീദ് അടക്കം ആരോപിക്കുന്നത്. ബപ്പനമലയിൽ മാവോയിസ്റ്റുകൾ വെടിവച്ചപ്പോൾ രക്ഷപ്പെടാൻ തിരികെ പൊലീസ് വെടിയുതിർത്തുവെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. ഈ എറ്റുമുട്ടലിൽ വേൽമുരുകൻ കൊല്ലപ്പെട്ടുവെന്നായിരുന്നു സർക്കാർ നിലപാട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button