CrimeKerala NewsLatest NewsUncategorized

തേങ്കുറിശ്ശി ദുരഭിമാനക്കൊല: ജാതിയും സാമ്പത്തിക അന്തരവും കൊലയ്ക്ക് കാരണം; കുറ്റപത്രം സമർപ്പിച്ച് ക്രൈം ബ്രാഞ്ച്

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലപാതകത്തിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ജാതി വ്യത്യാസവും സാമ്പത്തിക അന്തരവുമാണ് കൊലപാതകത്തിന് കാരണമെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. പ്രതികൾക്കെതിരെ കൊലക്കുറ്റത്തതിനൊപ്പം ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരമുളള കേസും എടുത്തിട്ടുണ്ട്.

പാലക്കാട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ജില്ല ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. ഡിസംബർ 25നായിരുന്നു കേസിനാസ്പദമായ സംഭവം. സാമ്പത്തികമായും ജാതിവ്യവസ്ഥയിലും മേൽത്തട്ടിലുളള ഹരിതയെന്ന പെൺകുട്ടിയെ പിന്നാക്കക്കാരനായ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. അതിലെ പകയായിരുന്നു കൊലപാതകത്തിന് പിന്നിലെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. ഒന്നാം പ്രതി പെൺകുട്ടിയുടെ അമ്മാവൻ സുരേഷാണ്. രണ്ടാംപ്രതി അച്ഛൻ പ്രഭുകുമാർ. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനകം തന്നെ നിരവധി തവണ പ്രതികൾ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു.

ഡിസംബ‍ർ 25ന് വൈകുന്നേരം പൊതുനിരത്തിൽ വെച്ചായിരുന്നു അനീഷിനെ വെട്ടിക്കൊന്നത്. പ്രതികൾക്കെതിരെ ഭീഷണിപ്പെടുത്തൽ, തെളിവ്നശിപ്പിക്കൽ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. നൂറിലേറെ സാക്ഷികൾ കേസിലുണ്ട്. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ്, പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

ഭീഷണിയുണ്ടായിട്ടും വേണ്ടത്ര സുരക്ഷ അനീഷിന് ലോക്കൽ പൊലീസ് നൽകിയില്ലെന്ന് അനീഷിന്റെ വീട്ടുകാരും ഭാര്യ ഹരിതയും മൊഴി നൽകി. ക്രൈംബ്രാഞ്ച് 75 ദിവസം കൊണ്ടാണ് കുറ്റപത്രം സമർപ്പിച്ചത്. നേരത്തെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി വിനോദ് കൈനാട്ടിനെ സർക്കാർ നിയമച്ചിരുന്നു. ഉടൻ തന്നെ പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിക്കൽ അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button