മമതയുടെ പരിക്കിനെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത;ആശങ്കാജനകമെന്ന് ശര്‍മ

കൊല്‍ക്കത്ത: നന്ദിഗ്രാമില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കു േനരെ നടന്ന കൈയേറ്റ ശ്രമത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായപ്രകടനവുമായി കോണ്‍ഗ്രസ് നേതാക്കള്‍. മമതയുടേത് സഹതാപം പിടിച്ചുപറ്റാനുള്ള രാഷ്ട്രീയ നാടകമാെണന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു. എന്നാല്‍, മുഖ്യമന്ത്രിക്ക് നേരെ നടന്ന അക്രമം ആശങ്കാജനകമാണെന്ന് സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ അഭിപ്രായപ്പെട്ടു. വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
”മമത ബാനര്‍ജി ജിക്കെതിരായ ആക്രമണത്തെക്കുറിച്ചും അവര്‍ക്കുണ്ടായ പരിക്കുകളെക്കുറിച്ചും ആശങ്കയുണ്ട്. വിദ്വേഷവും അക്രമവും ജനാധിപത്യത്തില്‍ അസ്വീകാര്യമാണ്. അതിനെ അപലപിക്കണം. മമത വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ആഗ്രഹിക്കുന്നു” -എന്നായിരുന്നു ശര്‍മ്മയുടെ ട്വീറ്റ്.
എന്നാല്‍, തെരഞ്ഞെടുപ്പില്‍ സഹതാപ വോട്ട് തട്ടാനുള്ള മമതയുടെ നാടകമാണ് അരങ്ങേറിയതെന്ന് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ”നന്ദിഗ്രാമില്‍ വിജയിക്കാന്‍ പ്രയാസപ്പെടുമെന്ന് മനസിലാക്കിയാണ് മമത ഈ നാടകം ആസൂത്രണം ചെയ്തത്. ആക്രമണ സമയത്ത് ഒരു പൊലീസുകാരനും ഉണ്ടായിരുന്നില്ല എന്നത് വിചിത്രമാണ്. അവര്‍ മുഖ്യമന്ത്രി മാത്രമല്ല, പൊലീസ് മന്ത്രി കൂടിയാണ്. എന്നിട്ടും ഒരു പൊലീസുകാരന്‍ പോലും ഒപ്പമുണ്ടായിരുന്നില്ലെന്ന് പറയുന്നത് ആര്‍ക്കും വിശ്വസിക്കാന്‍ കഴിയില്ല. നന്ദിഗ്രാമില്‍ പൊലീസ് സുരക്ഷാ വലയം നിലനില്‍ക്കെ ചിലര്‍ മുഖ്യമന്ത്രിയെ കൈയേറ്റം ചെയ്തുവെന്നത് അവിശ്വസനീയമാണ്’ -അധീര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടുമായുള്ള (ഐ.എസ്.എഫ്) കോണ്‍ഗ്രസ് സഖ്യത്തിന്‍റെ പേരിലും അധീറും ശര്‍മയും കൊമ്ബുകോര്‍ത്തിരുന്നു.
ബുധനാഴ്ച വൈകീട്ടാണ് മമതയെ നാലഞ്ചുപേര്‍ കൈേയറ്റം ചെയ്തുവെന്ന വിവരം പുറത്തുവന്നത്. റെയപാറയിലെ ക്ഷേത്രത്തില്‍ പൂജ നടത്താന്‍ പോകവെ കാറിനടുത്ത് നില്‍ക്കുകയായിരുന്ന തന്നെ തള്ളിയിട്ടെന്നായിരുന്നു മമത പറഞ്ഞത്.
ആക്രമണത്തില്‍ മമതയുടെ കാലിനും തോളിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ടെന്ന് എസ്.എസ്.കെ.എം ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തിന് ശേഷം മമത ബാനര്‍ജിക്ക് ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ട്. വേദനസംഹാരികള്‍ നല്‍കിയതായും 48 മണിക്കൂര്‍ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
മമതയെ ന്യൂറോളജിക്കല്‍ ടെസ്റ്റുകള്‍ക്കും എക്സ്റേ പരിശോധനക്കും വിധേയമാക്കിയിട്ടുണ്ട്. ബാങ്ഗുറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ സയന്‍സില്‍ നിന്ന് എം.ആര്‍.ഐ പരിശോധനക്കായി എസ്.എസ്.കെ.എം ആശുപത്രിയിലെത്തിച്ചു. ബാന്‍ഡേജുമായി ആശുപത്രിയില്‍ കിടക്കുന്ന മമതയുടെ ചിത്രം ബന്ധു അഭിഷേക് ബാനര്‍ജി ട്വീറ്റ് ചെയ്തു. ബി.ജെ.പിക്കുള്ള മറുപടി മെയ് രണ്ടിന് ജനം നല്‍കുമെന്നും അഭിഷേക് ട്വീറ്റില്‍ വ്യക്തമാക്കി.
അതിനിടെ അക്രമത്തെ അപലപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തി. “മമത ദീദിക്കെതിരായ ആക്രമണത്തെ ഞാന്‍ ശക്തമായി അപലപിക്കുന്നു. ഉത്തരവാദികളെ ഉടന്‍ അറസ്റ്റ് ചെയ്ത് ശിക്ഷിക്കണം. വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു” – കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.
മമതക്കെതിരായ ആക്രമണം ആശങ്കാജനകമാണെന്നും സംഭവം അന്വേഷിക്കാന്‍ ഉന്നതതല സമിതി ഉടന്‍ രൂപവത്കരിക്കണമെന്നും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു.