ആഫ്രിക്കൻ വാസത്തിനുശേഷം നിലമ്പൂർ എം എൽ എ നാട്ടിൽ തിരിച്ചെത്തി; ഊഷ്മള സ്വീകരണം നല്‍കി പാര്‍ട്ടി പ്രവര്‍ത്തകര്‍

കോഴിക്കോട്: മൂന്ന് മാസത്തിന് ശേഷം നിലമ്പൂർ എം എല്‍ എ പി വി അന്‍വര്‍ നാട്ടില്‍ തിരിച്ചെത്തി. ഖനന വ്യവസായുമായി ബന്ധപ്പെട്ട് അദ്ദേഹം ആഫ്രിക്കയിലായിരുന്നു. ഉച്ചയോടെ കരിപ്പുർ വിമാനത്താവളത്തിലിറങ്ങിയ എം.എല്‍.എയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിച്ചു. നിലമ്പൂരുകാരോട് നന്ദിയുണ്ടെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുമെന്നും അന്‍വര്‍ പ്രതികരിച്ചു
എം എല്‍ എ ഒരാഴ്ച എടക്കരയിലെ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുമെന്ന് സിപിഎം അറിയിച്ചു. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് താന്‍ നാട്ടിലേക്ക് വരുന്ന കാര്യം അദ്ദേഹം അറിയിച്ചത്. തിരിച്ചെത്തുന്നത് 25,000 കോടിയുടെ ഖനന പദ്ധതിയുമായിട്ടാണെന്നും,പദ്ധതിയിലൂടെ നിരവധി പേര്‍ക്ക് ജോലികിട്ടുമെന്നും അദ്ദേഹം വീഡിയോയില്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ മൂന്നു മാസമായി പി വി അന്‍വര്‍ നാട്ടിലില്ലാത്തത് ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കിയിരുന്നു. എം എല്‍ എയെ കാണാനില്ലെന്ന് കാണിച്ച് പ്രാദേശിക യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം വിവാദമായത്.