GulfNationalNewsUncategorized

ഇന്ത്യയിൽ നിന്ന് ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്ന ബീഫ്, ഏലം, ക്യാപ്സിക്കം എന്നിവയ്ക്കു മേൽ നിയന്ത്രണമേർപ്പെടുത്തി പൊതുജനാരോഗ്യ മന്ത്രാലയം

ദോഹ: ഇന്ത്യയിൽ നിന്നും ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്ന കാപ്‌സിക്കം, ഏലക്ക, ശീതികരിച്ച പോത്തിറച്ചി എന്നിവയ്ക്ക് പൊതുജനാരോഗ്യ മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തി. ഏപ്രിൽ ഒന്നു മുതൽ ഇവ ഇറക്കുമതി ചെയ്യണമെങ്കിൽ അംഗീകൃത ലബോറട്ടറിയുടെ അനാലിസിസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

കാപ്‌സിക്കം ഏലക്ക, നിശ്ചിത ഇനം ശീതികരിച്ച പോത്തിറച്ചി എന്നിവ ദോഹയിലേക്ക് ഇറക്കുമതി ചെയ്യണമെങ്കിൽ അംഗീകൃത ലബോറട്ടറി (ഐഎസ്ഒ 17025)യുടെ അനാലിസിസ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഉൽപന്നങ്ങൾ സുരക്ഷിതവും മനുഷ്യ ഉപയോഗത്തിന് യോഗ്യവുമാണെന്നു സ്ഥിരീകരിച്ചു കൊണ്ടുള്ള ഇന്ത്യയിലെ (കൺട്രി ഓഫ് ഒറിജിൻ) കോംപീറ്റന്റ് അതോറിറ്റികളുടെ സ്ഥിരീകരണം നിർബന്ധമാണ്. കാപ്‌സിക്കവും ഏലക്കയും വിഷാംശമില്ലാത്തവയും പോത്തിറച്ചി ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന സാൽമനെല്ല ബാക്ടീരിയരഹിതവുമായിരിക്കണമെന്നും അധികൃതർ നിർദേശിച്ചു.

ബന്ധപ്പെട്ട വ്യവസ്ഥകൾ പാലിക്കുന്നതു വരെ ഇവയുടെ ഇറക്കുമതി നിയന്ത്രണം തുടരും. ആവശ്യമെങ്കിൽ ഉൽപന്നങ്ങൾ നിരോധിക്കാനുളള നടപടികളും സ്വീകരിക്കും. മന്ത്രാലയത്തിന്റെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തുടർച്ചയായ അപകടസാധ്യതാ വിലയിരുത്തലുകൾക്ക് ശേഷമാണ് നടപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button