Kerala NewsLatest News

കേരളത്തില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്; 19 വരെ നാമനിര്‍ദ്ദേശ പത്രിക നല്‍കാം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണവും ഇന്ന് ആരംഭിക്കും. ഈ മാസം 19 വരെ പത്രിക നല്‍കാം. 20ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. 22 വരെ പത്രിക പിന്‍വലിക്കാം. ഏപ്രില്‍ ആറിനാണ് വോട്ടെടുപ്പ്.

നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണത്തിന് കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥിക്കൊപ്പം രണ്ടുപേരെ മാത്രമേ അനുവദിക്കൂ. രണ്ടു വാഹനം ഉപയോഗിക്കാം. റാലിയായി എത്തുകയാണെങ്കില്‍ നിശ്ചിത അകലം വരെ മാത്രം അഞ്ച് വാഹനങ്ങള്‍ അനുവദിക്കും.

നാമനിര്‍ദ്ദേശ പത്രിക ഓണ്‍ലൈനായും സമര്‍പ്പിക്കാം. ഇതിന്റെ പകര്‍പ്പ് വരാണാധികാരിക്ക് നല്‍കാം. കെട്ടിവയ്ക്കാനുള്ള തുകയും ഓണ്‍ലൈനായി നല്‍കാം. നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം തന്നെ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഏപ്രില്‍ ആറിന് നടക്കും. കേരളത്തിലെ തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ ദീപക് മിശ്ര ഐപിഎസ്സാണ്. 30.8 ലക്ഷം രൂപ ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥിക്ക് പരമാവധി ചെലവാക്കാവുന്ന തുകയായി നിശ്ചയിച്ചിട്ടുണ്ട്.

കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പോളിങ് ബൂത്തുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. 40771 പോളിങ് ബൂത്തുകള്‍ ആണ് സജ്ജീകരിക്കുക. അതേസമയം മുന്നണികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാകുന്ന മുറയ്ക്ക് അടുത്ത ദിവസങ്ങളിലാകും പത്രിക സമര്‍പ്പണം സജീവമാകുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button