Kerala NewsLatest NewsNews

ഭക്ഷണം കിട്ടിയതോടെ പണം തരാതെയും അടിമയെന്ന വിളിയും, എന്നെ ചെരിപ്പൂരി എറിഞ്ഞു – ആരോപണങ്ങള്‍ നിഷേധിച്ച്‌ സൊമാറ്റോ ഡെലിവറി ബോയ്

ബംഗളൂരു: ഭക്ഷണം സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത യുവതിയെ ഡെലിവറി ബോയ് ആക്രമിച്ചെന്ന സംഭവത്തില്‍ ആരോപണങ്ങള്‍ക്ക് മറപടിയുമായി ഡെലിവറി ബോയ്. താന്‍ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും യുവതി വാക്കുകള്‍ കൊണ്ട്‌ അധിക്ഷേപിക്കുകയും ചെരിപ്പൂരി തന്നെ എറിയുക ആയിരുന്നെന്നും ആരോപണങ്ങള്‍ക്ക് വിധേയനായ ഡെലിവറി ബോയ് പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഡെലിവറി ബോയ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഭക്ഷണം ഓര്‍ഡര്‍ ചെയ്ത സ്ത്രീയാണ് ആദ്യം തന്നെ വാക്കുകള്‍ കൊണ്ട് അധിക്ഷേപിച്ചത്. സൊമാറ്റോ ഡെലിവറി എക്സിക്യുട്ടീവ് തന്റെ വീട്ടില്‍ അതിക്രമിച്ച്‌ കയറി തന്നെ ആക്രമിച്ചു എന്നായിരുന്നു ഹിതേഷ് ചന്ദ്രാനി എന്ന യുവതി ആരോപിച്ചത്. എന്നാല്‍, ഈ ആരോപണങ്ങള്‍ നിഷേധിച്ച ഡെലിവറി ബോയ് താന്‍ ആരെയും ആക്രമിച്ചിട്ടില്ലെന്നും തനിക്കു നേരെ വാക്കാല്‍ അധിക്ഷേപം ആരംഭിച്ചത് യുവതി ആണെന്നും വ്യക്തമാക്കി.

‘ഞാന്‍ അവരുടെ അപ്പാര്‍ട്മെന്റിന് മുമ്ബില്‍ എത്തിയതിനു ശേഷം ഭക്ഷണം അവര്‍ക്ക് കൈമാറുകയും പണം ലഭിക്കുന്നതിനായി കാത്തു നില്‍ക്കുകയും ചെയ്തു. കാഷ് ഓണ്‍ ഡെലിവറി ആയിരുന്നു അവര്‍ പണം അടയ്ക്കുന്നതിനായി തിരഞ്ഞെടുത്തിരുന്നത്.’ – കാമരാജ് വ്യക്തമാക്കി.

ഗതാഗതക്കുരുക്കും മോശം റോഡും കാരണം ഡെലിവറി എത്തിച്ചു നല്‍കാന്‍ വൈകിയതില്‍ താന്‍ അവരോട് ക്ഷമ ചോദിച്ചെന്നും എന്നാല്‍ തന്നോട് വളരെ മോശമായാണ് ചന്ദ്രാനി പെരുമാറിയതെന്നും ഡെലിവറി ബോയ് പറഞ്ഞു.

‘നിങ്ങള്‍ എന്താണ് വൈകിയതെന്ന് അവര്‍ എന്നോട് ചോദിച്ചു. ചില സിവിക് ജോലികള്‍ നടക്കുന്നുണ്ടെന്നും ഗതാഗതക്കുരുക്ക് ഉണ്ടെന്നും പറയുകയും വൈകിയതില്‍ അവരോട് ക്ഷമായാചനം നടത്തുകയും ചെയ്തു. എന്നാല്‍, ഓര്‍ഡര്‍ 40 – 45 മിനിറ്റിനുള്ളില്‍ നല്‍കണമെന്ന് അവര്‍ നിര്‍ബന്ധിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി ഞാന്‍ ഈ ജോലി ചെയ്യുന്നു. ഇത്തരത്തിലുള്ള ഒരു ഘട്ടത്തിലൂടെ എനിക്ക് കടന്നു പോകേണ്ടി വരുന്നത് ഇത് ആദ്യമായാണ്’ -ഡെലിവറി ബോയി ആയ കാമരാജ് പറഞ്ഞു.

ഓര്‍ഡര്‍ കൈപ്പറ്റിയതിനു ശേഷം ചന്ദ്രാനി പണം നല്‍കാന്‍ തയ്യാറായില്ലെന്നും കാമരാജ് പറഞ്ഞു. ‘പണം നഷ്ടമാകുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. ഓര്‍ഡറിന് പണം നല്‍കണമെന്ന് ഞാന്‍ അവരോട് അപേക്ഷിച്ചു. ആ സമയത്ത് അവരെന്ന് ‘അടിമ’ എന്നു വിളിക്കുകയും ‘നിനക്ക് എന്ത് ചെയ്യാന്‍ കഴിയു’മെന്ന് ചോദിക്കുകയും ചെയ്തെന്നും ഡെലിവറി ബോയ് പറയുന്നു.

‘ഇതേസമയം, ഈ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തതായി സൊമാറ്റോ സപ്പോര്‍ട്ട് എന്നെ അറിയിച്ചു. യുവതി ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷണം തിരികെ തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും സഹകരിക്കാന്‍ ഇവര്‍ തയ്യാറായില്ല.’ – ഡെലിവറി ബോയ് വ്യക്തമാക്കി.

തുടര്‍ന്ന് അവിടെ നിന്ന് പോകാന്‍ താന്‍ തീരുമാനിച്ചതായി സൊമാറ്റോ ഡെലിവറി ബോയ് പറഞ്ഞു. എന്നാല്‍, അവര്‍ ഹിന്ദിയില്‍ മോശമായി സംസാരിക്കുകയും ചെരിപ്പ് എറിയുകയും അടിക്കാന്‍ തുടങ്ങുകയും ചെയ്തു. യുവതിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കൈ കൊണ്ട് ഡെലിവറി ബോയ് തടഞ്ഞപ്പോള്‍ യുവതിയുടെ മോതിരവിരല്‍ അവരുടെ മൂക്കിന്‍മേല്‍ ഇടിക്കുകയും തുടര്‍ന്ന് രക്തം വരികയുമായിരുന്നു. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. നടന്ന സംഭവങ്ങളെക്കുറിച്ച്‌ ബുധനാഴ്ച യുവതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടതോടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്.

അതേസമയം, ഹിതേഷയുടെ ട്വീറ്റിന് സൊമാറ്റോ മറുപടി നല്‍കുകയും ചെയ്തിരുന്നു. ‘ഹിതേഷ, ഞങ്ങളോട് സംസാരിച്ചതിന് നന്ദി. ഞങ്ങളുടെ പ്രാദേശിക പ്രതിനിധി ഉടന്‍ തന്നെ നിങ്ങളുമായി ബന്ധപ്പെടും. പൊലീസ് അന്വേഷണത്തിനും വൈദ്യസഹായത്തിനുള്ള സഹായത്തിനും നിങ്ങളെ സഹായിക്കും. എങ്ങനെ ക്ഷമ പറയണമെന്ന് ഞങ്ങള്‍ക്കറിയില്ല, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും എന്ന് ഉറപ്പ് നല്‍കുന്നു’.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button