പാർക്കിൽ വെച്ച് പ്രസവവേദന: മുംബൈയിൽ ഇരുന്ന് ഫോണിലൂടെ നിർദ്ദേശം നൽകി ഡോക്ടർ; യുവതിയുടെ പ്രസവമെടുത്ത് മൈസൂരിലെ ഹൈസ്കൂൾ അദ്ധ്യാപിക

മൈസൂരുവിലെ 35 കാരിയായ മല്ലികയ്ക്ക് മുന്നിലേക്ക് ഹൈസ്കൂൾ അദ്ധ്യാപിക ശോഭ പ്രകാശ് പ്രത്യക്ഷപ്പെട്ടത് ഒരു ദൈവദൂതയെ പോലെയാണ്. മൈസൂരുവിലെ നസറാബാദിലെ ഒരു പാർക്കിൽ വെച്ച് മുംബൈയിലുള്ള ഡോക്ടറുടെ ഫോൺ കോളിന്റെ സഹായത്തോടെ മല്ലികയുടെ പ്രസവം ശുഭപര്യവസായിയാക്കാൻ കഴിഞ്ഞത് ശോഭ ഉള്ളതുകൊണ്ട് മാത്രമാണ്.
കൊഡാഗു ജില്ലയിലെ ഗോണിക്കോപ്പലിൽ നിന്നുള്ള ആദിവാസി സ്ത്രീയാണ് മല്ലിക. മിനി വിധൻ സൗദയ്ക്ക് എതിർവശത്ത് നസറാബാദിലെ ഒരു പാർക്ക് സന്ദർശിക്കുന്നതിനിടയിലാണ് മല്ലികയ്ക്ക് പ്രസവവേദന തുടങ്ങിയത്. നാല് വയസ്സുള്ള ഒരു മകനും ഒരു മകളും ഉൾപ്പെടെ മല്ലികയുടെ മറ്റ് രണ്ട് മക്കളും അവർക്കൊപ്പമുണ്ടായിരുന്നു. അവർക്ക് രക്തസ്രാവം തുടങ്ങിയപ്പപോൾ തന്നെ സഹായത്തിനായി വഴിയാത്രക്കാർ അവർക്ക് അരികിലെത്തി. അടിയന്തരമായി ആംബുലൻസ് വിളിക്കാൻ ശ്രമിച്ചുവെങ്കിലും ആരുമായും ബന്ധപ്പെടാൻ കഴിഞ്ഞില്ല. ആ സമയം നാവിലൂരിലെ സ്കൂളിലെത്താൻ ബസ് പിടിക്കാൻ പോവുകയായിരുന്നു ശോഭ പ്രകാശ്. നാട്ടുകാർ ശോഭയോട് മല്ലികയെ സഹായിക്കാൻ ആവശ്യപ്പെടുകയും, മല്ലികയുടെ വേദന കണ്ട് ഉടൻ തന്നെ ശോഭ സഹായിക്കാൻ സന്നദ്ധയാവുകയുമായിരുന്നു.
അതേസമയം ആ പ്രദേശത്തുള്ള കാർത്തിക് എന്ന യുവാവ് മുംബൈയിലെ ഒരു ഡോക്ടറെ വിളിച്ച് ശോഭയ്ക്ക് ഫോൺ നൽകി. നിരവധി സ്ത്രീകൾ അവിടെ ഉണ്ടായിരുന്നിട്ടും പ്രസവത്തിന് ആരും തന്നെ സഹായിച്ചില്ലെന്ന് ശോഭ വേദനയോടെ ഓർക്കുന്നു. ഉള്ളിൽ ഭയമുണ്ടായിരുന്നെങ്കിലും സ്ത്രീക്കും കുഞ്ഞിനും ആപത്തൊന്നും വരാതിരിക്കാൻ ശോഭ നിർദ്ദേശങ്ങൾ കൃത്യമായി പിന്തുടർന്നു.
കുഞ്ഞിനെ പ്രസവിച്ച ശേഷം പൊക്കിൾക്കൊടി എങ്ങനെ മുറിക്കുമെന്നറിയാതെ പകച്ചുപോയി. എന്നാൽ അപ്പോഴേക്കും ആംബുലൻസ് സ്ഥലത്തെത്തിയെന്ന് ശോഭ അനുഭവം പങ്കുവെക്കുന്നു. തുടർന്ന് മെഡിക്കൽ സ്റ്റാഫ് ചുമതലയേറ്റെടുക്കുകയും പൊക്കിൾക്കൊടി മുറിക്കാൻ സഹായിക്കുകയും ചെയ്തു. പ്രസവശേഷം യുവതിക്ക് കുറച്ച് ചൂടുവെള്ളം നൽകി, തുടർ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയതായും ശോഭ പറയുന്നു. ശോഭ പിന്നീട് മല്ലികയെ സന്ദർശിക്കുകയും കുഞ്ഞിന് 2,000 രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തു. പ്രാദേശിക പ്രൈമറി ടീച്ചേഴ്സ് അസോസിയേഷനും അവരെ സഹായിച്ചു.
അരുവട്ടോക്ലുവിലെ താമസക്കാരിയായ മല്ലിക, ഏതാനും മാസങ്ങൾക്ക് മുൻപ് ഭർത്താവുമായി വഴക്കിട്ട്പിരിഞ്ഞിരുന്നു. പ്രസവവേദന അനുഭവപ്പെട്ട സമയത്ത് വീട്ടിലേക്കുള്ള യാത്രയിലായിരുന്നു അവർ. ഒരു പ്രാദേശിക ഹോട്ടലിൽ ജോലി ചെയ്താണ് മല്ലിക തനിക്കും കുട്ടികൾക്കും ജീവിതച്ചെലവിന് വേണ്ട പണം കണ്ടെത്തിയിരുന്നത്. അവളെ ചേലുവമ്പ ആശുപത്രിയിലേക്ക് കൊണ്ടുപോയതായും അമ്മയെ അറിയിച്ചിരുന്നു. വനിതാ ശിശു വികസന വകുപ്പും അവളുടെ സംരക്ഷണം ഏറ്റെടുത്തിട്ടുണ്ട്.